ജമ്മു കശമീരിലെ രാജ്യാന്തര അതിര്‍ത്തികളിലും നിയന്ത്രണ രേഖയിലും പാക് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ അതിര്‍ത്തികളിലാണ് പാകിസ്ഥാൻ ഡ്രോണുകളെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശങ്ങളില്‍ അതീവ ജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യം.
അഞ്ച് ഡ്രോണുകളെ കണ്ടതായാണ് വിവരം. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ വൈകുന്നേരം 6.35 ഓടെ ആകാശത്ത് ഒരു ഡ്രോൺ കണ്ടെത്തിയതായും സൈനികർ വെടിയുതിർത്തതായും റിപ്പോര്‍ട്ടുണ്ട്. ഏതാണ്ട് അതേസമയം തന്നെ ഖബ്ബാർ ഗ്രാമത്തിന് സമീപം മറ്റൊരു ഡ്രോൺ പോലുള്ള വസ്തു പ്രത്യക്ഷപ്പെട്ടു. രാത്രി 7.15 ഓടെ സാംബ ജില്ലയിലെ രാംഗഡ് സെക്ടറിലെ ചക് ബാബ്രൽ ഗ്രാമത്തിന് മുകളിൽ ഡ്രോൺ പോലുള്ള വസ്തു ഏതാനും മിനിറ്റുകൾ പറന്നു നടക്കുന്നതായി കണ്ടെത്തി. പൂഞ്ച് ജില്ലയിൽ, വൈകുന്നേരം 6.25 ഓടെ നിയന്ത്രണരേഖയിലൂടെ മറ്റൊരു ഡ്രോൺ നീങ്ങുന്നതായും കണ്ടെത്തിയിരുന്നു.
ഇവയെല്ലാം അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുകയും തന്ത്രപ്രധാന മേഖലയില്‍ കുറച്ചുനേരം പറന്നതിന് ശേഷം പാകിസ്ഥാനിലേക്ക് തിരികെ പോകുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ഏജൻസികൾ ഉടൻ തന്നെ ജാഗരൂകരാകുകയും വിപുലമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. സമീപത്തുള്ള പോസ്റ്റുകളിലെ സൈനികർക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈന്യവും പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
സാംബ ജില്ലയിലെ പലൂറ ഗ്രാമത്തിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. വെള്ളിയാഴ്ച രാത്രിയാണ് പാകിസ്ഥാൻ ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചതായി കരുതുന്ന രണ്ട് പിസ്റ്റളുകൾ, മൂന്ന് മാഗസിനുകൾ, 16 റൗണ്ട് വെടിയുണ്ടകൾ, ഒരു ഗ്രനേഡ് എന്നിവ കണ്ടെത്തിയത്. അതിർത്തി കടന്നുള്ള കള്ളക്കടത്തിനും നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കും ഡ്രോണുകൾ ഉപയോഗിക്കുന്നതായുള്ള ആശങ്കകൾ ഇത് വര്‍ധിപ്പിട്ടുണ്ട്.