കരൂര്‍ ദുരന്തത്തിന്‍റെ അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി സി.ബി.ഐ. ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് സമന്‍സ് അയച്ചു. ഈമാസം 12ന് ഡല്‍ഹിയിലെ സി.ബി.ഐ. ഓഫിസില്‍ ആണ് ഹാജരാകേണ്ടത്. അതിനിടെ വിജയ്‌യുടെ വിടവാങ്ങല്‍ ചിത്രം ജനനായകന്‍റെ റിലീസില്‍ അനിശ്ചിതത്വം തുടരുകയാണ്.
കഴിഞ്ഞ സെപ്തംബര്‍ 27ന് കരൂരില്‍ നടന്ന വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതാദ്യമായാണ് ദുരന്തത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ടിവികെ അധ്യക്ഷന് സമന്‍സ് ലഭിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. കരൂരിലും ഡല്‍ഹിയിലുമായി പാര്‍ട്ടി നേതാക്കളായ എന്‍.ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍ എന്നിവരെ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. വിജയ്, കരൂര്‍ റാലിക്ക് എത്താന്‍ വൈകിയോ, വൈകി എങ്കില്‍ അതിന് കാരണമെന്ത്, വന്‍തോതില്‍ ജനം കൂടുന്നയിടത്ത് എന്ത് സുരക്ഷാ സംവിധാനമാണ് പാര്‍ട്ടി ഒരുക്കിയത് തുടങ്ങിയ ചോദ്യങ്ങള്‍ വിജയ് നേരിടേണ്ടി വരും. തിരഞ്ഞെടുപ്പിന് മുന്‍പ് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
അതിനിടെ ദളപതിയുടെ വിടവാങ്ങല്‍ ചിത്രം ജനനായകന്‍റെ റിലീസിങ് പ്രതിസന്ധി തുടരുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഒരു മാസം മുന്‍പാണ് ചിത്രം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത്. 19 ന് ബോര്‍ഡ് അംഗങ്ങള്‍ ചിത്രം കാണുകയും 22ന് വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. 24ന് മാറ്റങ്ങള്‍ വരുത്തി വീണ്ടും ചിത്രം സമര്‍പ്പിച്ചെങ്കിലും പിന്നീട് ഒരനക്കവുമുണ്ടായില്ല. ശേഷം ഇന്നലെയാണ് ചിത്രം റിവൈസിങ് കമ്മറ്റിക്ക് വിട്ടത്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ ഇന്ന് മദ്രാസ്ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി നാളെ പരിഗണിക്കും. ഏറെ പ്രതീക്ഷയോടെയാണ് വിജയ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. വിജയ്‌യുടെ വിടവാങ്ങല്‍ ചിത്രമായിരിക്കുമെന്നരിക്കെ കളക്ഷനിലും റെക്കോര്‍ഡ് ആണ് പ്രതീക്ഷിക്കുന്നത്.