സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ജിം ട്രെയിനര്‍ക്കെതിരെ കേസ്. ഡെറാഡൂണിലെ ജിം ട്രെയിനറായ നദീം അൻസാരിയാണ് അറസ്റ്റിലായത്. ക്ലെമന്റ് ടൗൺ മേഖലയിലെ ചന്ദ്രമണി ചൗക്കിന് സമീപമുള്ള 'ഫിറ്റ് ആൻഡ് ഫൈൻ ജിമ്മിലാണ്' സംഭവം നടന്നത്. ജിം സെഷനുകളിൽ അന്‍സാരി മോശമായി സ്പര്‍ശിക്കുന്നുവെന്നും വ്യായാമം ചെയ്യുമ്പോൾ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാവുന്നുവെന്നും പരാതിയില്‍ പറയുന്നു. ജിമ്മിൽ പരിശീലനത്തിനെത്തിയ ഒരു വിദ്യാർഥിനിക്ക് നദീം അൻസാരി അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും കടന്നുപിടിച്ചെന്നും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചതായും പരാതിയുണ്ട്.
ഡിസംബർ 29-ന് യുവതിയും സഹോദരന്മാരും ബജ്‌റങ് ദൾ പ്രവർത്തകരും ചേർന്ന് ട്രെയിനറെ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിലെത്തി പിന്നാലെ പെണ്‍കുട്ടിക്കൊപ്പം വന്നവര്‍ അന്‍സാരിയെ മര്‍ദിക്കുകയും ചെയ്തു. ജനക്കൂട്ടം യുവാവിനെ വളഞ്ഞാക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് എത്തിയാണ് യുവാവിനെ ജനക്കൂട്ടത്തില്‍ നിന്നും വിടുവിച്ചത്.
സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബജ്റങ് ദള്‍ പ്രതിഷേധിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നദീം അൻസാരിയെ ക്ലെമന്റ് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.