1. കൊല്ലപ്പെട്ട യുവാവ് , 2 എഐ ചിത്രം
അശ്ലീല വീഡിയോകൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹാലോചന മുടക്കിയ 32കാരനെ രണ്ട് സഹോദരിമാർ ചേർന്ന് കൊലപ്പെടുത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ തെലങ്കാനയിലെ പൈദപള്ളി ജില്ലയിലാണ് സംഭവം. പെദ്ദപ്പള്ളി സ്വദേശി ബുറ മഹേന്ദർ (32) ആണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ മെഡിക്കൽ റപ്പായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്.
സോഫ്റ്റ്‌വെയർ പ്രൊഫഷണലായി ജോലി ചെയ്യുന്ന യുവതിയുമായാണ് യുവാവ് ആദ്യം പ്രണയ ബന്ധത്തിലായത്. എന്നാല്‍ അതിനൊപ്പം തന്നെ യുവതിയുടെ വിവാഹിതയായ മൂത്ത സഹോദരിയുമായും ഇയാള്‍ സമാനമായ ബന്ധം പുലർത്തിയിരുന്നു. ഇത് ഇളയ സഹോദരി അറിഞ്ഞതോടെയാണ് തര്‍ക്കമായത്. ഇളയ സഹോദരി പ്രണയബന്ധം അവസാനിപ്പിച്ചതോടെ, ഇയാള്‍ നഗ്നചിത്രങ്ങള്‍ കാണിച്ച് ഇരുവരേയും ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
തങ്ങള്‍ രണ്ട് പേരെയും ഒരേ സമയം യുവാവ് പറ്റിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെയാണ് സഹോദരിമാര്‍ ഒരുമിച്ച് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നഗ്ന വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്ന ഇയാളോട് സംസാരിക്കുന്നതിനിടെ, സഹോദരിമാര്‍ കണ്ണില്‍ മുളകുപൊടി വിതറി, വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദനത്തിനിടെയാണ് മഹേന്ദര്‍ കുഴഞ്ഞ് വീണത്. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ മൂത്ത സഹോദരിയുടെ മകനും ഒരു ബന്ധുവും ഉണ്ടായിരുന്നു. ബന്ധത്തില്‍ നിന്ന് പിന്‍മാറിയതിന് ശേഷം ഇളയ സഹോദരിക്ക് മറ്റൊരു വിവാഹാലോചന നോക്കിയിരുന്നു. ഇതോടെയാണ് മഹേന്ദര്‍ വിഡിയോ കാട്ടിയുള്ള ഭീഷണി തുടങ്ങിയത്. മര്‍ദനമേറ്റ് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.