Untitled design - 1

എഎ റഹീമിന്റെ ഇം​ഗ്ലീഷ് ഭാഷ ഉപയോ​ഗിക്കുന്നതിലെ പരിമിതിയുടെ പേരിൽ സോഷ്യൽ മീഡിയയിലാകെ ട്രോളുകൾ വരുമ്പോൾ അദ്ദേഹത്തെ പിന്തുണച്ച് യുവമോർച്ചസംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുമടത്തിൽ. എഎ റഹീം എംപി ഇംഗ്ലീഷിൽ സംസരിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ച ഔചിത്യ പൂർണ്ണമായ കാര്യമല്ലെന്ന് യുവമോർച്ചസംസ്ഥാന സെക്രട്ടറി ഫെയ്സ്ബുക്കിൽ കുറിച്ചു. 

'ഭരണത്തിന് നേതൃത്വം നൽകാനും വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് മനസ്സാണ്. കോൺഗ്രസ് പാർട്ടിയുടെ അധിപൻ ആയിട്ടുള്ള കെ സി വേണുഗോപാൽ നിയന്ത്രിക്കുന്ന കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ മുസ്ലിം ബുൾഡോസർ വേട്ടയിൽ കേരളത്തിലെ ലീഗ് നേതൃത്വത്തിന് എന്താണ് പറയേണ്ടത് എന്നതാണ് പ്രസക്തം.!'- അഖിൽ വ്യക്തമാക്കുന്നു. 

വിഷയത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺ​ഗ്രസ് നേതാവ് രാജു പിനായരും രം​ഗത്തെത്തിയിരുന്നു. എഎ റഹീം എംപി ഓക്സ്ഫോർഡ് ഇംഗ്ലീഷിലോ ഇനി നമ്മൾ പലരും സംസാരിക്കാറുള്ള മല്ലു ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് യാതൊരു അഭിപ്രായവും തനിക്കില്ലെന്നും, അവരവർക്ക് ഏറ്റവും കംഫർട്ടബിൾ ആയ ഭാഷ ഉപയോഗിക്കുന്നതിൽ തെറ്റുമില്ലെന്നും കോൺ​ഗ്രസ് നേതാവ് രാജു പിനായർ കുറിച്ചു. 

സാഹചര്യങ്ങൾക്ക് അനുസരിച്ച് അത് ഉപയോഗിക്കണമോ അല്ലെങ്കിൽ അത് എവിടെ ഉപയോഗിക്കണമെന്ന് അവരവർ തന്നെ ചിന്തിക്കണമെന്ന് മാത്രമേ അഭിപ്രായമുള്ളൂ. തന്റെ ഭാഷ പരിമിതിയെ കുറിച്ചും അത് മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാവുമെന്ന പ്രസ്താവനയും സ്വാഗതം ചെയ്യുന്നു, ആ പ്രസ്താവനയുൾപ്പടെ ഈ വിവാദത്തിൽ പക്ഷെ തെളിഞ്ഞു വരുന്നത് ഒരു മനുഷ്യന്റെ വിഷയത്തെ സമീപിക്കുന്നതിലുള്ള ആത്മാർത്ഥതയാണ്. 

കഴിഞ്ഞ ഏകദേശം അഞ്ച് വർഷത്തോളമായി അദ്ദേഹം പ്രവർത്തിക്കുന്നത് ദേശീയ തലത്തിലാണ്. രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ഡി.വൈ.എഫ്.ഐ.യുടെ ദേശീയ ആക്ടിങ് പ്രസിഡന്റ് ആണ് അദ്ദേഹം. 2022 മുതൽ ഡി.വൈ.എഫ്.ഐ.യുടെ മുഴുവൻ സമയ പ്രസിഡന്റും. അതെ വർഷം അദ്ദേഹം രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലെല്ലാം ഡി.വൈ.എഫ്.ഐ.യുടെയും പൊതുസമൂഹത്തിന്റെയും ദേശീയ പ്രാധാന്യമുള്ള നേതാക്കളെയും വിഷയങ്ങളുമായും അദ്ദേഹം ഇടപെടേണ്ടതായിരുന്നു. 

അങ്ങനെ ഒരു ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും തന്റെ ഭാഷ പരിമിതി അദ്ദേഹം തിരിച്ചറിയേണ്ടത് ഇന്ന് ട്രോൾ ചെയ്യപ്പെടുമ്പോഴായിരുന്നില്ല. 

ബംഗാൾ മുതൽ തമിഴ് നാട് വരെയുള്ള ഡി.വൈ.എഫ്.ഐ.യിലെ തന്റെ സഹപ്രവർത്തകരോട് ഇടപെടുമ്പോൾ അവരുടെ ശബ്ദമായി മാറണമെന്ന് ഒരു നേതാവിന് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം അതിനു ശ്രമിക്കുമായിരുന്നു. യാതൊരു വിദ്യാഭ്യാസ അടിത്തറയും ഇല്ലാത്തയാളല്ലല്ലോ. 

അവിടെ നിന്ന് തന്റെ ഭാഷ മെച്ചപ്പെടുത്താൻ ദിവസങ്ങളുടെ പ്രയത്നം ഉണ്ടെങ്കിൽ നടക്കുമായിരുന്നു. ഒരു പാർലമെന്റേറിയൻ ശ്രദ്ധിക്കപ്പെടുന്നത് ഏറ്റവും നല്ല ഒരു ഡിബേറ്ററാവുമ്പോഴാണ്. താൻ ഒരു നല്ല പാർലമെന്റേറിയൻ ആവണമെന്ന വ്യക്തിപരമായ ടാർഗറ്റ് ഉണ്ടായിരുന്നെങ്കിൽ പോലും ഈ സമയത്തിനുള്ളിൽ അദ്ദേഹം അതിനു ശ്രമിക്കുമായിരുന്നു. ഒരു പക്ഷെ കേരളാ പാർട്ടിയായി ചുരുങ്ങിയ സി.പി.എമ്മിന്റെ രാഷ്ട്രീയം ഇതിനപ്പുറമൊന്നും ആവശ്യപ്പെടുന്നില്ല എന്ന ഒരു അർഥം കൂടി ഇതിനുണ്ടെന്നും രാജു പി നായർ വിമർശിക്കുന്നു.  

ENGLISH SUMMARY:

AA Rahim's English speaking skills have become a topic of discussion. This article explores the support AA Rahim is receiving amidst social media trolls regarding his English language proficiency and the related political commentary.