അസമിലെ സിൽച്ചാറിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി. ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് 19-കാരനായ കാമുകന്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

ഏകദേശം ഒരു വർഷം മുൻപാണ് പ്രതി പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. തുടർന്ന് ലൈംഗിക ബന്ധത്തിന് പെൺകുട്ടിയെ ഇയാൾ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ പെൺകുട്ടിക്കും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതി, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രതി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടിയുടെ വ്യാജ ദൃശ്യങ്ങൾ നിർമ്മിക്കുകയും, അവളുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കി അവ പ്രചരിപ്പിക്കുകയും ചെയ്തു. കടുത്ത മാനസിക പ്രശ്നങ്ങള്‍ നേരിട്ട പെൺകുട്ടി സ്കൂളിൽ പോകുന്നത് നിർത്തി. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതി നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Assam crime incidents are on the rise, causing concern among the public. A minor girl in Silchar was brutally sexually assaulted, leading to a police investigation to apprehend the perpetrator.