ബലാത്സംഗം ചെയ്തതിനു പിന്നാലെ, ബിജെപി നേതാവിന്റെ ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് ബിജെപി കൗൺസിലറുടെ ഭർത്താവ് യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്. ക്രൂരതയുടെ വിഡിയോ പകര്‍ത്തുകയും പിന്നീട് അതുകാട്ടി ഭീഷണിപ്പെടുത്തി തുടർച്ചയായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം അതിജീവിത ഈ സംഭവം ക്യാമറയില്‍ ചോദ്യം ചെയ്യുകയും സംഭാഷണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍ തനിക്കൊരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു പ്രതിയുെട മറുപടി.
രാംപൂർ ബഘേലൻ നഗർ പരിഷത്തിലെ ബിജെപി കൗൺസിലറുടെ ഭർത്താവായ അശോക് സിങ് ആണ് പ്രതി. ഇയാള്‍ ഒരു പൊലീസുകാരനെ അസഭ്യം പറയുന്നതും അതിജീവിതയെ ഭീഷണിപ്പെടുത്തുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇതോടെ ഇയാള്‍ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.
‘എനിക്ക്ഒന്നും സംഭവിക്കില്ല. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ’ എന്ന് പ്രതി പറയുന്നതും യുവതി കരയുന്നതും പരാതി നൽകുന്നതിനെക്കുറിച്ച് സംസാരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. സത്‌ന പോലീസ് സൂപ്രണ്ട് ഹൻസ് രാജ് സിങ്ങിന് യുവതി രേഖാമൂലം പരാതി നല്‍കി. ആറുമാസം മുന്‍പാണ് തന്നെ ഉപദ്രവിച്ചതെന്നും പിന്നാലെ കുടുംബാംഗങ്ങളെയടക്കം വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. അന്വേഷണം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മനോജ് ത്രിവേദിക്ക് കൈമാറി.
ഡിസംബര്‍ 20ന് പ്രതി വീണ്ടുമെത്തി ലൈംഗികമായി ഉപദ്രവിക്കുകയും ആവശ്യങ്ങള്‍ സമ്മതിച്ചുതന്നില്ലെങ്കില്‍ വിഡിയോ പുറത്തുവിട്ട് പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. നേരത്തേ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ ഒരു തവണ നാടുകടത്തിയിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതുവരെ കേസിൽ ഔദ്യോഗികമായി അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.