ബെംഗളൂരുവിലെ മുസ്‍ലിം മേഖലയിലെ കുടിയിറക്കലില്‍ പ്രതികരിച്ച് വെട്ടിലായി മുസ്ലിം ലീഗ്. ഹിന്ദുക്കളുെടയും മുസ്ലിങ്ങളുടെയും വീടുകള്‍ പൊളിച്ചിട്ടുണ്ടെന്നും എല്ലാവരെയും പുനരധിവസിപ്പിക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ബുള്‍ഡോസര്‍ രാജിനെ ന്യായീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും ജനങ്ങളെ കണക്കിലെടുക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു .
യലഹങ്ക ഫക്കീര്‍ കോളനിയിലെ കുടിയൊഴിപ്പിക്കല്‍ കേരളത്തിലെ രാഷ്ട്രീയ കൊടുങ്കാറ്റാവുകയാണ്. ന്യൂനപക്ഷ പിന്തുണയുറപ്പിക്കാനായി വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ വിഷയമെടുത്തിട്ടു. പിറകെ പ്രതികരിച്ച മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സിദ്ധരാമയ്യ സര്‍ക്കാര്‍ നടപടിയെ അടിമുടി ന്യയീകരിച്ചു.
യു.പി.മോഡല്‍ ഇടിച്ചുനിരത്തല്‍ അല്ലെന്നും എല്ലാവരെയും പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.
200ലേറെ മുസ്ലിം കുടുംബങ്ങള്‍ക്ക് കിടപ്പാടമില്ലാതായ വിഷയത്തിലെ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ തിരിച്ചടിക്കുമെന്ന് വ്യക്തമായതോടെ തള്ളി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ തിരുത്തി. നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നു പറഞ്ഞു കര്‍ണാടക സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു
കെ.ടി. ജലീല്‍ എം.എല്‍.എ. സംഭവസ്ഥലം സന്ദര്‍ശിച്ച് കര്‍ണാടകയിലെ സ്നേഹത്തിന്റെ കട പൂട്ടിയെന്നാരോപിച്ചതോടെ യു.ഡി.എഫ് കൂടുതല്‍ പ്രതിരോധത്തിലായി.
കേരളത്തില്‍ വന്‍ രാഷ്ട്രീയ വിവാദമായതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇലക്കും മുള്ളിനും പരുക്കില്ലാതെ പ്രശ്നമില്ലാതെ പരിഹരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.