train

TOPICS COVERED

റയില്‍വേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ ഡിസംബര്‍ 26 മുതല്‍ നിലവില്‍ വരും. ആറു മാസത്തിനിടെ രണ്ടാം തവണയാണ് ടിക്കറ്റ് നിരക്കുയരുന്നത്. നിരക്ക് വര്‍ധനവോടെ 600 കോടി രൂപ അധിക വരുമാനം റയില്‍വേയ്ക്ക് ലഭിക്കും. നോണ്‍ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപ അധികം നല്‍കേണ്ടി വരും. മെയില്‍, എക്സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിലെ നിരക്ക് കിലോമീറ്ററിന് രണ്ട് പൈസ ഉയരും. 

നേരത്തെ ബുക്ക് ചെയ്തവരാണെങ്കില്‍ അധികതുകയൊന്നും നല്‍കേണ്ടതില്ലെന്ന് റെയില്‍വെ വ്യക്തമാക്കി. ഡിസംബര്‍ 26 ന് ശേഷമുള്ള യാത്രയ്ക്ക് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുള്ളവര്‍ക്ക് അധിക തുക നല്‍കാതെ യാത്ര ചെയ്യാം. എന്നാല്‍ 26 മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റിനും ടിടിഇ അനുവദിക്കുന്ന ടിക്കറ്റിനും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. 

പുതിയ ടിക്കറ്റ് ഘടന പ്രകാരം 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചത്. മെയിൽ/ എക്സ്പ്രസ് നോൺ- എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല. 

പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ നോൺ-എസി അല്ലെങ്കില്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റർ സഞ്ചരിക്കാന്‍ 10 രൂപ അധികമായി നല്‍കേണ്ടി വരും. അതേസമയം, സബർബൻ, സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഇടത്തരം വരുമാനമുള്ള വിഭാഗത്തിന് താങ്ങാനാവുന്ന ടിക്കറ്റ് വില നിലനിര്‍ത്താനായാണിത്.

ENGLISH SUMMARY:

Railway ticket price hike is effective from December 26th. This price adjustment aims to generate additional revenue for the railway sector.