ക്രിസ്മസ് ആഘോഷങ്ങൾക്ക് എതിരായ സംഘപരിവാർ അതിക്രമങ്ങളിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാതെ പൊലീസ്. ഡൽഹി ബദർപൂരിൽ സാൻ്റാ തൊപ്പി വെച്ച സ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വലിയ സംഭവമല്ലെന്നുമാണ് ഡൽഹി പോലീസിന്റെ പ്രതികരണം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കുറ്റക്കാർക്ക് മറുപടി സ്വീകരിക്കണമെന്നാണ് CBCI യുടെ ആവശ്യം.
കേസെടുക്കാത്തതിലെ പ്രതിഷേധത്തിനൊപ്പം അക്രമികൾക്ക് ബിജെപി സംരക്ഷണം നൽകുകയാണ് എന്ന് ക്രൈസ്തവ സംഘടനകൾ ആരോപിച്ചു. ഇന്ന് രാത്രി മുതൽ പള്ളികളിൽ നടക്കുന്ന ആരാധനയ്ക്കും ക്രിസ്മസ് ദിന പരിപാടികൾക്കും സുരക്ഷ ആവശ്യപ്പെട്ട് ഇടവകകൾ പോലീസിനെ സമീപിച്ചിട്ടുണ്ട്. അതേസമയം, നാളെ ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി CNI സഭയുടെ ചർച്ച് ഓഫ് റിഡെംപ്ഷനിലെത്തും. അരമണിക്കൂർ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമാകും. ഒരുഭാഗത്ത് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുമ്പോൾ മറുഭാഗത്ത് പള്ളി സന്ദർശിക്കുന്ന മോദി എന്തു സന്ദേശം ആണ് നൽകുന്നതെന്ന് കോൺഗ്രസ് ചോദിച്ചു.