മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വി.ബി. ജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയ ബില്‍ ആണ് നിയമമായത്. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
വെള്ളിയാഴ്ച അവസാനിച്ച പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് വി.ബി ജി റാം ജി ബില്‍ സര്‍ക്കാര്‍ പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര്
ഒഴിവാക്കുന്നതിലും ബില്ലിലെ വിവിധ വ്യവസ്ഥകളിലും വലിയ വിമര്‍ശനം ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തിലായി. 125 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുനല്‍കുന്ന പുതിയ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവിന്‍റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. 125 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ തൊഴിലില്ലായ്മ അലവന്‍സ് നല്‍കണം എന്നും വ്യവസ്ഥയുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മുഖച്ഛായ തന്നെ മോദി സർക്കാർ മാറ്റിയെന്നും സാധാരണക്കാരന്റെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു.
പാർട്ടി സ്ഥാപക ദിനമായ 28ന് മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും പ്രതിഷേധ മാർച്ച് നടത്തും. ഇന്നും ജില്ലാ ആസ്ഥാനങ്ങളില്‍ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 27-ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം തുടർ സമരങ്ങളിൽ തീരുമാനമെടുക്കും.