മലയാറ്റൂരില്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ പത്തൊന്‍പതുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് 22 കിലോയോളമുള്ള കല്ലുകൊണ്ട്. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അലന്‍ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്. കുറ്റകൃത്യത്തിന് ശേഷം അലന്‍ വസ്ത്രങ്ങളും ഷൂസും മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ചിത്രപ്രിയയെ നേരത്തെയും അലന്‍ കൊല്ലാന്‍ നീക്കം നടത്തിയിരുന്നു. കാലടി പാലത്തില്‍ നിന്ന് താഴേയ്ക്ക് തള്ളിയിനായിരുന്നു ശ്രമിച്ചത്. കേസില്‍ കൂടുതല്‍ വിവരശേഖരണത്തിന് അന്വേഷണ സംഘം ബെംഗളൂരുവിലേയ്ക്കുപോകും.
Also Read: അലന് വെല്‍ഡിങ് ജോലി, ചിത്രപ്രിയയ്ക്ക് മറ്റൊരു ബന്ധം?; മലയാറ്റൂരില്‍ സംഭവിച്ചത്....
ഈ മാസം 9ന് ഉച്ചയോടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം.
അന്വേഷണത്തിനൊടുവില്‍ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് അലൻ പൊലീസിനു നൽകിയ മൊഴി.ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടർന്നുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസവും കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ശനിയാഴ്ച വൈകിട്ട് മുണ്ടങ്ങാമറ്റത്തു നടന്ന ദേശവിളക്കിൽ താലം എടുക്കുന്നതിനു പൂക്കളും താലവും സെറ്റ് മുണ്ടും ചിത്രപ്രിയ വീട്ടിൽ തയാറാക്കി വച്ചിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുത്തില്ല.