ദീര്‍ഘദൂര ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ച് റെയില്‍വെ. കിലോമീറ്ററിന് ഒന്നുമുതല്‍ രണ്ടു പൈസവരെ കൂടും. ഈ മാസം 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാവും. സബര്‍ബന്‍ ട്രെയിനുകളെ ബാധിക്കില്ല. ബജറ്റ് അവതരണത്തിന് തൊട്ടുമുന്‍പ് നിരക്കു വര്‍ധിപ്പിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു
215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കാണ് നിരക്കുവര്‍ധന ബാധകമാവുന്നത്. ഓര്‍ഡിനറി ക്ലാസില്‍ കിലോമീറ്ററിന് ഒരു പൈസയും എക്സ്പ്രസ്, മെയില്‍ ട്രെയിനുകളിലെ സ്ലീപ്പര്‍, എ.സി. ക്ലാസുകള്‍ക്ക് രണ്ടു പൈസയുമാണ് കൂടുക. 500 കിലോമീറ്റര്‍ യാത്രചെയ്യുമ്പോള്‍ 10 രൂപ അധികമായി നല്‍കേണ്ടിവരും. വര്‍ഷം 600 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നത്. വര്‍ധിച്ച ഇന്ധനച്ചെലവും പരിപാലനച്ചെലവും കണക്കിലെടുത്താണ് തീരുമാനമെന്ന് റെയില്‍വെ അറിയിച്ചു.
അതേസമയം ഹ്രസ്വദൂര യാത്രയ്ക്ക് ആളുകള്‍ ആശ്രയിക്കുന്ന സബര്‍ബന്‍ ട്രെയിനുകളിലും സീസണ്‍ ടിക്കറ്റിനും നിരക്ക് വര്‍ധിക്കില്ല. കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരുമാസം മാത്രം ശേഷിക്കെ നിരക്കു വര്‍ധിപ്പിച്ചത് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചു. തീരുമാനം ഔപചാരികമായി അറിയിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കുറിപ്പ് നല്‍കിയതിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു.