രാജ്യത്ത് വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ മറവിൽ നടക്കുന്നത് പൗരത്വ പരിശോധനയെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി മനോരമ ന്യൂസിനോട്. കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നത് ഭരണഘടനയ്ക്ക് ഭീഷണിയാണെന്നും ഖുറേഷി കൂട്ടിച്ചേർത്തു. ഇക്കാര്യം തുറന്നുകാട്ടാൻ ഡൽഹിയിൽ പ്രമുഖ നിയമവിദഗ്ധരും സാമൂഹ്യ പ്രവർത്തകരും NO - SIR കൺവെൻഷൻ സംഘടിപ്പിച്ചു.
ഡൽഹിയിൽ നടന്ന NO SIR കൺവെൻഷനിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വോട്ട് നഷ്ടപ്പെട്ടവർ മുൻ ജഡ്ജിമാർക്ക് മുന്നിൽ ദുരനുഭവം വിവരിച്ചു. മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് മദൻ ലോക്കൂർ, ജസ്റ്റിസ് എ.കെ. പട്നായിക് എന്നിവരടങ്ങിയ ജനകീയ ജൂറിക്ക് മുമ്പാകെയായിരുന്നു സാക്ഷ്യപ്പെടുത്തൽ. അസമിൽ എൻ.ആർ.സി പരാജയപ്പെട്ടപ്പോൾ, വോട്ടർ പട്ടിക ഉപയോഗിച്ച് പൗരത്വ പരിശോധന നടത്താനാണ് കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പുതിയ നീക്കമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആരോപിച്ചു. പഴയ വോട്ടർമാരെക്കൊണ്ട് നിർബന്ധിതമായി 'ഫോം 6' പൂരിപ്പിച്ച്, പുതിയ വോട്ടർമാരാണെന്ന് എഴുതി വാങ്ങുന്ന തന്ത്രമാണ് കമ്മീഷൻ പയറ്റുന്നതെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത തകരുന്നത് ചെന്നെത്തി നിൽക്കുക ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തകർച്ചയിൽ ആണെന്നും ഖുറേഷി. ഭാരത് ജോഡോ അഭിയാൻ,പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്,നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് എന്നീ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.