അസമിലെ ഹൊജായിയിൽ ആനക്കൂട്ടത്തെ ഇടിച്ച് സൈരംഗ്- ന്യൂഡൽഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി. അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. രാജധാനി എക്സ്പ്രസിന്റെ എൻജിനും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയത്. ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. ഒരു കുട്ടിയാനയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. 

ഡൽഹിയിലേക്ക് പോകുകയായിരുന്നു ട്രെയിൻ ഇന്ന് പുലർച്ചെ 2.17 ഓടെയാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. കൂട്ടിയിടിയിൽ എട്ട് ആനകൾ കൊല്ലപ്പെട്ടതായും ഒരു ആനക്കുട്ടിയെ രക്ഷപ്പെടുത്തിയതായും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഗുവാഹതിയിൽ നിന്ന് 126 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ അതേ ട്രെയിനിലെ തന്നെ ഒഴിവുള്ള മറ്റ് സീറ്റുകളിലേക്ക് മാറ്റി ഇരുത്തി.

ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല.  ഈ പ്രദേശം ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി അടയാളപ്പെടുത്തിയ സ്ഥലമല്ലെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. 

ആനയുടെ ശരീരഭാഗങ്ങൾ ട്രാക്കുകളിൽ ഉള്ളതിനാൽ അപ്പർ അസമിലേക്കും വടക്കുകിഴക്കൻ മേഖലയിലെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള ട്രെയിൻ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. നവംബർ 30 ന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ ട്രെയിനിടിച്ച് ഒരു ആന കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുടനീളം ട്രെയിനുകൾ കൂട്ടിയിടിച്ച് കൊല്ലപ്പെട്ടത് 70-ലധികം ആനകൾ ആണെന്ന് പരിസ്ഥിതി മന്ത്രാലയം ഓഗസ്റ്റിൽ പാർലമെന്റിനെ അറിയിച്ചിരുന്നു.

ENGLISH SUMMARY:

Elephant train accident occurred in Assam, where the Rajdhani Express collided with a herd of elephants. The collision resulted in the tragic death of eight elephants, disrupting train services in the region.