ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതു ചരിത്രം കുറിച്ച് ഇരുരാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. മസ്‌കത്തിലെ അൽ ആലം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും പങ്കെടുത്തു. ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ' പുരസ്‌കാരം നൽകി പ്രധാനമന്ത്രിയെ ആദരിച്ചു.
പുതിയ കരാർ നിലവിൽ വരുന്നതോടെ ഇന്ത്യയിലെ 98 ശതമാനം ഉൽപ്പന്നങ്ങളും ഒമാനിലേക്ക് നികുതിയില്ലാതെ കയറ്റുമതി ചെയ്യാം. തുണിത്തരങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകൾക്ക് നികുതി ഇളവ് വലിയ ആശ്വാസമാകും. ആയുർവേദ മേഖലയ്ക്കും മരുന്നുകൾക്കും ഒമാൻ വിപണിയിൽ ഇനി കൂടുതൽ സ്വീകാര്യത ലഭിക്കും. ഒമാനിലെ പ്രധാന സേവന മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും കരാർ അനുമതി നൽകുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒമാനിലേക്കുള്ള ഇന്ത്യൻ നിക്ഷേപം മൂന്നിരട്ടിയായി വർധിച്ചത് ഈ പങ്കാളിത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. ചെറുകിട സംരംഭങ്ങൾക്കും വനിതാ സംരംഭകർക്കും ഒമാൻ വിപണിയിൽ മികച്ച അവസരങ്ങൾ ഉറപ്പാക്കാന്‍ കരാറിലെ വ്യവസ്ഥകൾ സഹായിക്കും. ഇന്ത്യയിൽ നിന്നുള്ള പ്രഫഷണലുകൾക്ക് ഒമാനിൽ കൂടുതൽ തൊഴിൽ സുരക്ഷയും എളുപ്പത്തിലുള്ള പ്രവേശനവും വാഗ്ദാനം ചെയ്യുന്നു.
ഉഭയകക്ഷി വ്യാപാരം നിലവിലെ പതിനായിരം കോടി ഡോളറിൽ നിന്നും വരും വർഷങ്ങളിൽ ഇരട്ടിയായി വർധിക്കുമെന്നാണ് പ്രതീക്ഷ. പെട്രോളിയം ഉൽപ്പന്നങ്ങൾക്കും വളം നിർമ്മാണത്തിനും ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ കുറഞ്ഞ ചെലവിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ഇതിലൂടെ സാധിക്കും.