അച്ഛൻ കനാലിലേക്ക് തള്ളിയിട്ട് മാസങ്ങൾക്ക് ശേഷം 17 വയസ്സുകാരിയായ പെൺകുട്ടി തിരിച്ചെത്തി. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് തന്‍റെ രക്ഷപ്പെടലിനെക്കുറിച്ച് വിവരിച്ചത്. തന്നെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിൽ കഴിയുന്ന അച്ഛനെ മോചിപ്പിക്കണമെന്നും പെണ്‍കുട്ടി അഭ്യർത്ഥിച്ചു.
പെൺകുട്ടിയുടെ 'സ്വഭാവത്തിൽ' സംശയം തോന്നിയ അച്ഛൻ സുർജിത് സിംഗ്, അവളുടെ കൈകൾ കയറുകൊണ്ട് കെട്ടി ഒരു ദയയുമില്ലാതെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. ഈ ക്രൂരകൃത്യം അയാൾ വിഡിയോയിൽ പകർത്തുകയും ചെയ്തു. മകളെ തള്ളിയിടുമ്പോൾ ‘പോയി ചാകൂ’ എന്ന് അയാൾ ആക്രോശിക്കുന്നതും വിഡിയോയിൽ കേൾക്കാം. സഹായത്തിനായി കരഞ്ഞ ഭാര്യയോട്, ‘അവൾ മരിക്കട്ടെ’ എന്നും അയാൾ പറഞ്ഞു.
പെൺകുട്ടിയുടെ ബന്ധുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ്പുർ സിറ്റി പൊലീസ് ഉടൻ തന്നെ കൊലപാതകത്തിന് കേസെടുത്ത് സിംഗിനെ അറസ്റ്റ് ചെയ്തു. നിലവില്‍ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതി. കനാലില്‍ നിന്ന് രക്ഷപെട്ട ശേഷം ഏകദേശം രണ്ട് മാസത്തോളം എവിടെയാണ് അഭയം തേടിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയില്ല. തനിക്ക് അസുഖമായിരുന്നെന്നും ചികിത്സയിലായിരുന്നെന്നും അവര്‍ പറഞ്ഞു.
അച്ഛനെ മോചിപ്പിക്കണമെന്നും തന്‍റെ ഇളയ സഹോദരിമാരെ നോക്കാൻ മറ്റാരുമില്ലന്നെന്നും പെണ്‍കുട്ടി അധികാരികളോട് അപേക്ഷിച്ചു. ബന്ധുക്കളെ വിശ്വാസമില്ലാത്തതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുടെ മൊഴി കേസിന്‍റെ ഗതി മാറ്റിയതിനാൽ, കൊലപാതക ശ്രമം എന്ന വകുപ്പിലേക്ക് കുറ്റങ്ങൾ മാറ്റാൻ സാധ്യതയുണ്ട്.