52 വയസ്സുള്ള വീണ ദേവി എന്ന സെപ്റ്റോ ഡെലിവറി ഏജന്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീയുടെ വിഡിയോ മോഡലായ മല്ലിക അറോറയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഊന്നുവടി ഉപയോഗിച്ച് നടക്കുന്ന, സ്കൂട്ടറിൽ ഓർഡറുകൾ ഡെലിവറി ചെയ്യുന്ന വീണ ദേവിയെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
വീണ ദേവിക്ക് 50% പക്ഷാഘാതം ബാധിച്ചിട്ടുണ്ടെങ്കിലും, ഈ ശാരീരിക അവസ്ഥയെ വകവയ്ക്കാതെ അവർ പൂർണ്ണ ആത്മാവോടെയും മനോഹരമായ ചിരിയോടെയുമാണ് ജോലി ചെയ്യുന്നത്. ‘ഇന്ന് ഞാൻ 52 വയസ്സുള്ള ഒരു സെപ്റ്റോ ഡെലിവറി ലേഡിയെ കണ്ടു... 50% പക്ഷാഘാതം ബാധിച്ചെങ്കിലും, അവർ ചിരിച്ചുകൊണ്ട് പൂർണ്ണ ആത്മാവോടെ ജോലി ചെയ്യുന്നു. ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു... ചിലർ വെറുതെ ജീവിക്കുകയല്ല, അവർ എല്ലാ ദിവസവും പോരാടുകയാണ്’, അറോറ ഇന്‍സ്റ്റയില്‍ കുറിച്ചു.
വിഡിയോയ്ക്ക് സോഷ്യല്‍ മിഡിയയില്‍ വന്‍ പ്രശംസയാണ് ലഭിക്കുന്നത്. പലരും വീണ ദേവിയുടെ ആത്മവിശ്വാസത്തേയും പോരാട്ടവീര്യത്തേയും പുകഴ്ത്തി രമഗത്തെത്തി. വീണ ദേവിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘അവരിൽ അഭിമാനിക്കുന്നു’ എന്ന കുറിപ്പോടെ സെപ്റ്റോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടും പ്രതികരിച്ചു.