യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കലും വൈകലും തുടരുന്നു. തിരുവനന്തപുരത്തും നെടുമ്പാശേരിയിലും സര്‍വീസുകളെ ബാധിച്ചു. പുലര്‍ച്ചെ 1.05ന് പുറപ്പെടേണ്ട തിരുവനന്തപുരം –ഷാര്‍ജ വിമാനം ഇതുവരെ പുറപ്പെട്ടില്ല. നെടുമ്പാശേരിയില്‍ പുലര്‍ച്ചെ 4.50ന് വരേണ്ട റാസല്‍ഖൈമ വിമാനവും 7.30ന് എത്തേണ്ട മസ്കറ്റ് വിമാനവും എത്തിയില്ല.
രാജ്യ വ്യാപകമായി അറുന്നൂറിലധികം വിമാനസര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഡല്‍ഹിയില്‍ 225 സര്‍വീസുകള്‍ റദ്ദാക്കി. ബെംഗളൂരുവില്‍ 102 സര്‍വീസുകളും റദ്ദാക്കി. കേരളത്തിലും വിമാന സര്‍വീസുകളെ ബാധിച്ചു. നെടുമ്പാശേരിയിലും കരിപ്പൂരും വിമാനങ്ങള്‍ വൈകുന്നു. തിരുവനന്തപുരത്ത് ആറ് സര്‍വീസുകള്‍ റദ്ദാക്കി
അടുത്ത 23 ദിവസം കൂടി റദ്ദാക്കല്‍ തുടരുമെന്നും ഇന്‍ഡിഗോ അറിയിച്ചു. ഇന്നലെമാത്രം550ഓളം സർവീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സർവീസ് പൂർണ തോതിൽ സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്.
പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ പ്രശ്നങ്ങളാണ് ഇൻഡിഗോയ്ക്ക് വിനയായത്. അതിനിടെ, പുതിയ ചട്ടങ്ങളിൽ ഡിജിസിഎ ഇൻഡിഗോയ്ക്ക് തൽക്കാല ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാൻ കഴിയാത്തതിൽ ഇൻഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.