മൊബൈല്‍ ഫോണുകളില്‍ സഞ്ചാർ സാഥി ആപ് നിർബന്ധിതമാക്കുന്നത് പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് കേന്ദ്ര നിര്‍ദേശത്തെ എതിര്‍ത്ത് പ്രതിപക്ഷം. സൈബര്‍സുരക്ഷയാണ് മുഖ്യമെന്നും ആപ് ഡിലീറ്റ് ചെയ്യാനാവുമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി. സുരക്ഷയും പെർഫോമൻസും ചൂണ്ടിക്കാട്ടി കേന്ദ്ര നിര്‍ദേശം ആപ്പിള്‍ തള്ളി.
രാജ്യത്തെ എല്ലാ സ്മാർട് ഫോണുകളിലും ടെലകോം മന്ത്രാലയത്തിന്റെ സഞ്ചാർ സാഥി ആപ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. പൗരൻമാരെ നിരീക്ഷിക്കാനുള്ള സർക്കാരിന്‍റെ തന്ത്രമെന്ന് കെ.സി വേണുഗോപാൽ. മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമെന്ന് സിപിഎം. എന്നാല്‍ ആപ് നിര്‍ബന്ധമല്ലെന്നും താല്‍പര്യമില്ലാത്തവര്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
ഫോണ്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനാണ് ആപ് എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും മന്ത്രി വിശദീകരിച്ചു. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണ് സഞ്ചാര്‍ സാഥി എന്നാണ് സർക്കാർ വിശദീകരണം. തേർഡ് പാർട്ടി ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നത് സുരക്ഷയെയും പെർഫോമൻസിനെയും ബാധിക്കുമെന്നതിനാല്‍ കേന്ദ്ര നിര്‍ദേശം പാലിക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി. ഇക്കാര്യം ഉടന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. 120 ദിവസത്തിനുള്ളിൽ നിർമ്മാതാക്കൾക്ക് കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കാന്‍ അവസരമുണ്ട്.