കൊച്ചിയില്‍ നിന്നും തഞ്ചാവൂരിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവാവ്. അഖില്‍ അമല്‍ ലാല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ട്രെയിന്‍ യാത്രക്കിടെ ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ വിഡിയോ പങ്കുവച്ചത്. മദ്യപിച്ച് ബോധരഹിതരായ നിലയിലാണ് പലരുമുണ്ടായിരുന്നത്. ചിലര്‍ പരസ്യമായി പുക വലിക്കുന്നുമുണ്ടായിരുന്നു. ഇവര്‍ മറ്റ് യാത്രീകര്‍ക്ക് ശല്യമായതോടെ യുവാവ് തമിഴ്നാട് ആര്‍പിഎഫിനെ വിവരമറിയിച്ചു.
അധികം വൈകാതെ തന്നെ കംപാര്‍ട്ട്മെന്റില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തി. ലാത്തിക്ക് അടിച്ച് യുവാക്കളെ ട്രെയിനില്‍ നിന്നുമിറക്കി. വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ യുവാവിന്‍റെ പ്രതികരണ മനോഭാവത്തേയും ആര്‍പിഎഫിന്‍റെ ഇടപെടലിനേയും പുകഴ്ത്തി നിരവധി പേരാണ് കമന്‍റില്‍ എത്തിയത്.
ട്രെയിൻ യാത്രയ്ക്കിടെ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ പരിഹാരത്തിനായി റെയില്‍വേ ഹെല്പ്പ്ലൈന് നമ്പരുകളുണ്ട്. എല്ലാവിധ അന്വേഷണങ്ങൾക്കായി139, മോഷണം, ശല്യം ചെയ്യൽ, മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 182, പെട്ടെന്ന് വൈദ്യസഹായം ആവശ്യമാണെങ്കിൽ 138 എന്നീ ഹെല്പ്പ്ലൈന് നമ്പരുകളില്‍ ബന്ധപ്പെടാം.