കളിക്കാനായിറങ്ങിയ മുന്‍ അണ്ടര്‍ 16 ഫുട്ബോള്‍ താരം തൂങ്ങിമരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ പാൽഘറിൽ ആണ് സംഭവം. ഫുട്ബോള്‍ താരം സാഗർ സോർട്ടിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നവംബർ 15-ന് ആണ് താരം ജീവനൊടുക്കിയത്.
വീട്ടില്‍ നിന്നും ഫുട്ബോള്‍ കളിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് സാഗര്‍ വീട്ടില്‍ നിന്നുമിറങ്ങിയത്. അടുത്ത ദിവസമായിട്ടും താരത്തെ ഫോണില്‍ കിട്ടിയില്ല. പിന്നീട് നടത്തിയ തിരച്ചിലില്‍ രണ്ട് ദിവസം കഴിഞ്ഞാണ് സാഗറിനെ മെൻധവൻ ഖിന്ദ് വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തു നിന്നും മൊബൈല്‍ ഫോൺ കണ്ടെത്തിയതോടെ പൊലീസിനു ആളെ തിരിച്ചറിയാന്‍ എളുപ്പമായി.
കഴിഞ്ഞ രണ്ട് വർഷമായി സാഗര്‍ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ മാസം അവസാനം നടക്കാനിരുന്ന ഇളയ സഹോദരന്റെ വിവാഹത്തിനായി പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ പോലും സാഗര്‍ തയ്യാറായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. കാസ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി. റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ യഥാർത്ഥ മരണകാരണം കണ്ടെത്താൻ കഴിയൂവെന്ന് പോലീസ് സൂപ്രണ്ട് യതീഷ് ദേശ്‌മുഖ് പറഞ്ഞു.