ചെങ്കോട്ടയില്‍ ചാവേറായ ഉമര്‍ മറ്റ് ഭീകരരില്‍ ആകൃഷ്ടനായിരുന്നുവെന്ന് വിവരം. ഉമര്‍ ഐഎസ് അനുകൂലിയും മറ്റുള്ളവര്‍ അല്‍ഖായിദയുടെ പ്രവര്‍ത്തന രീതികളിലും ആകൃഷ്ടരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, കനത്ത സുരക്ഷയില്‍ ചെങ്കോട്ടയിലെ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനാചരണങ്ങള്‍ക്ക് തുടക്കമായി.
കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ ഭീകരരായ ബുര്‍ഹാന്‍ വാനിയുടെയും സാകീര്‍ മൂസയുടെയും പിന്‍ഗാമിയെന്നാണ് ഡോ. ഉമര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ പ്രവര്‍ത്തന രീതിയിലായിരുന്നു ഉമറിന് താല്‍പ്പര്യം. എന്നാൽ, മുസമ്മിൽ അടക്കം മറ്റുള്ളവർക്ക് അല്‍ഖായിദയുടെ ആശയങ്ങളോടായിരുന്നു താല്‍പ്പര്യമുണ്ടായിരുന്നത്. ഫരീദാബാദ് സംഘത്തിന്‍റെ ബുദ്ധികേന്ദ്രമായ ഉകാസയെന്ന് വിളിപ്പേരുള്ള ഭീകരന്‍ അഫ്ഗാനിലെ തോറാ ബോറ മലനിരകളിലേക്ക് ഒളിയിടം മാറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനഗര്‍ സ്വദേശിയായ തുഫൈല്‍ നിയാസിനെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അനന്ത്നാഗിലെ മെഡിക്കല്‍ കോളജിലെ ലോക്കറില്‍നിന്ന് തോക്ക് കണ്ടെത്തിയതിലാണ് അറസ്റ്റെന്നാണ് വിവരം. ഭീകരസാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുല്‍ഗാമില്‍ വ്യാപക തിരച്ചില്‍ പുരോഗമിക്കുകയാണ്. സുരക്ഷാ അവലോകനത്തിനായി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വിളിച്ച യോഗം ശ്രീഗനറില്‍ ചേരുന്നു. അതിനിടെ, കനത്ത സുരക്ഷയില്‍ ചെങ്കോട്ടയിലെ ഗുരു തേജ് ബഹാദൂറിന്റെ മുന്നൂറ്റി അന്‍പതാം രക്തസാക്ഷിത്വ ദിനാചരണങ്ങള്‍ക്ക് തുടക്കമായി.