ട്രെയിനില്‍ ദീര്‍ഘദൂരയാത്രയ്ക്കൊരുങ്ങുന്നവര്‍ പലപ്പോഴും വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്ത് കൊണ്ടുപോകാറുണ്ട്. ട്രെയിനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരവും വിലയുമെല്ലാമോര്‍ത്താണ് പലരും ഇങ്ങനെ ചെയ്യുന്നത്. പക്ഷേ ട്രെയിില്‍ തന്നെ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ തീരുമാനിച്ചാലോ ? അങ്ങിനെയൊരതിബുദ്ധി കാണിച്ച യാത്രക്കാരിക്ക് എട്ടിന്‍റെ പണി കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.
രണ്ട് ദിവസം മുന്‍പാണ് ട്രെയിനില്‍ കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് ഉണ്ടാക്കുന്ന യാത്രക്കാരിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചത്. എസി കംപാര്‍ട്ടമെന്‍റില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പവര്‍ സോക്കറ്റില്‍ കെറ്റില്‍ കുത്തിയാണ് പാചക പരീക്ഷണം. മൊബൈല്‍ ചാര്‍ജ് ചെയ്യാനല്ലാതെ മറ്റൊരാവശ്യങ്ങള്‍ക്കും സോക്കറ്റ് ഉപയോഗിക്കരുതെന്ന നിര്‍ദേശം സോക്കറ്റിനടുത്തുതന്നെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
പെട്ടന്ന് ന്യൂഡില്‍സ് തയാറാക്കാം എന്ന് പറയുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ റീല്‍സായി അപ്ലോഡ് ചെയ്യാന്‍ ചിത്രീകരിച്ചതെന്നാണ് നിഗമനം. ന്യൂഡില്‍സ് ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ ഉണ്ടാക്കണമെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
വിഡിയോ വൈറലായതിന് പിന്നാലെ റെയില്‍വെ വടിയെടുത്തിട്ടുണ്ട്. കെറ്റില്‍ ട്രെയിനില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇത് സുരക്ഷിതമല്ലെന്നും നിയമവിരുദ്ധമാണെന്നും പറഞ്ഞ റെയില്‍വെ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ട്രെയിനിലെ വൈദ്യുതി നിലയ്ക്കാനും എസി അടക്കം തകരാറിലാകാനും ഇത്തരം പ്രവര്‍ത്തികള്‍ കാണമാകും. നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും റെയില്‍വെ അവരുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു.