ജയ്പൂരിലെ പ്രശസ്തമായ സ്കൂളിൽ ആത്മഹത്യ ചെയ്ത നാലാം ക്ലാസ് വിദ്യാര്‍ഥിനി നേരിട്ടത് സഹിക്കാനാകാത്ത മാനസിക പീഡനവും അധിക്ഷേപങ്ങളുമെന്ന് സിബിഎസ്ഇയുടെ അന്വേഷണറിപ്പോര്‍ട്ട്. മാസങ്ങളായി കുഞ്ഞ് അനുഭവിച്ചുതീര്‍ത്ത സമ്മര്‍ദ്ദങ്ങളില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും നല്‍കിയില്ലെന്നും കുട്ടിയുടെ ആത്മഹത്യ അന്വേഷിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്‍റെ (സിബിഎസ്ഇ) രണ്ടംഗസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂള്‍ കെട്ടിടത്തിന്‍റെ നാലാംനിലയില്‍ നിന്ന് ചാടിയാണ് അമൈര കുമാർ മീണ എന്ന നാലാംക്ലാസുകാരി മരിച്ചത്.
ക്ലാസ് മുറിയില്‍ താന്‍ നേരിടുന്ന മാനസിക പീഡനങ്ങളില്‍ കുട്ടി പലവട്ടം അധ്യാപികയോട് സഹായം തേടിയെങ്കിലും യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ സഹായിക്കുന്നതിന് പകരം അധ്യാപിക അവളോട് കയര്‍ക്കുകയും ക്ലാസില്‍ ഒറ്റപ്പെടുത്തുകയാണുമുണ്ടായത്. കുട്ടിയെ സഹപാഠികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നതായും ആവര്‍ത്തിച്ചുള്ള പരാതികള്‍ സ്കൂള്‍ അധികൃതര്‍ അറിഞ്ഞഭാവം നടിച്ചില്ലെന്നും മാതാപിതാക്കളും ആരോപിച്ചു.
18 മാസത്തോളം അമൈര ഭീഷണി നേരിട്ടിരുന്നതായും മോശം വാക്കുകൾ കേള്‍ക്കേണ്ടി വന്നിരുന്നതായും സിബിഎസ്ഇ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ക്ലാസ് ടീച്ചർ പുനീത ശർമ്മ മാതാപിതാക്കള്‍ നൽകിയ പരാതികളെ പലതവണ തള്ളിക്കളഞ്ഞു. കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടില്‍ മരണത്തിന് മണിക്കൂറുകൾക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളില്‍ അമൈറ കളിചിരികളിലേര്‍പ്പെടുകയും നൃത്തം ചെയ്യുകയും ചോക്ലേറ്റും ഗോൾഗപ്പയും കഴിക്കുകയും ചെയ്യുന്നുന്നുണ്ട്. അതിനുശേഷമാണ് അവള്‍ അസ്വസ്ഥയായി കാണപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ സമയം ഒരു കൂട്ടം ആൺകുട്ടികളുടെ ഭാഗത്തു നിന്ന് ചില ഇടപെടലുകള്‍ ഉണ്ടാവുകയും അത് അവളെ അസ്വസ്ഥപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. എഴുതിയത് മായ്ക്കാനോ എഴുതുന്നത് നിര്‍ത്താനോ അവള്‍ സഹപാഠികളോട് ആവശ്യപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം അധ്യാപികയുടെ ഇടപെടല്‍ ആവശ്യമായിരുന്നുവെന്ന് സിബിഎസ്ഇ നിരീക്ഷിച്ചു. മരണം നടന്ന ദിവസം അമൈറ ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നതായും അന്ന് ക്ലാസില്‍ അസാധാരണമായ എന്തോ നടന്നതായും സംശയിക്കുന്നുണ്ട്.
വിദ്യാര്‍ഥികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതില്‍ സ്കൂള്‍ അധികതര്‍ പരാജയപ്പെട്ടതിന് തെളിവാണ് ഗ്രൗണ്ട് ഫ്ലോറിലെ ക്ലാസ് മുറിയിൽ നിന്ന് കെട്ടിടത്തിന്‍റെ നാലാം നിലയിലേക്ക് കുട്ടിക്ക് എത്താൻ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അപകടങ്ങൾ തടയാൻ സ്കൂളിലെ ഉയർന്ന നിലകളിൽ സുരക്ഷാ സ്റ്റീൽ വലകളും ഉണ്ടായിരുന്നില്ല. അതേസമയം ഫൊറന്‍സിക് പരിശോധനകള്‍ക്കു മുന്‍പ് തന്നെ കുട്ടി വീണ് മരിച്ച സ്ഥലം സ്കൂള്‍ അധികൃതര്‍ കഴുകിയതും സംശയാസ്പദമാണ്.