ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ രാവിലെയുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനം സോഷ്യല്‍ മീഡിയയിലും. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം കൊൽക്കത്ത ഉൾപ്പെടെ പശ്ചിമ ബംഗാളിന്‍റെ പല ഭാഗങ്ങളും കുലുങ്ങി. ഭൂകമ്പത്തിന്‍റെ ഭയപ്പാട് നിരവധി കൊല്‍ക്കത്ത നിവാസികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘തീവ്രമായ ഭൂകമ്പം’ എന്നായിരുന്നു പലരുടെയും പ്രതികരണം. തന്‍റെ കെട്ടിടം 30 സെക്കന്‍ഡ് കുലുങ്ങിയതായി ഒരു എക്സ് ഉപയോക്താവ് അവകാശപ്പെട്ടു.
‘എന്‍റെ ജീവിതത്തിലെ ഏറ്റവും തീവ്രമായ ഭൂചലനം ഞാൻ അനുഭവിച്ചതായി തോന്നുന്നു, കൊൽക്കത്ത ഒരു ദുർബലമായ പ്ലാസ്റ്റിക് തുരങ്കം പോലെ വിറയ്ക്കുകയായിരുന്നു’ എന്നായിരുന്നു മറ്റൊരു ഉപയോക്താവ് എക്സില്‍ പങ്കുവെച്ചത്. ‘ആരെയെങ്കിലും ഉറക്കത്തിൽ നിന്ന് ഉണർത്താൻ തക്ക ശക്തമായിരുന്നു ആ ഭൂകമ്പം’ എന്ന് മറ്റൊരാൾ കുറിച്ചു. ആളുകൾ വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മുൻകരുതൽ നടപടിയായി കൊൽക്കത്തയിലും മറ്റ് ജില്ലകളിലും നിരവധി ആളുകൾ തെരുവിലിറങ്ങിയെങ്കിലും ആര്‍ക്കും പരുക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് രാവിലെ 10:08 ന് 13 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ് മാറി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തലസ്ഥാനമായ ധാക്കയിലും ഭൂകമ്പം അനുഭവപ്പെട്ടു. ത്രിപുരയിലെ ധർമ്മനഗർ, മേഘാലയയിലെ തുറ, ചിറാപുഞ്ചി, മിസോറാമിലെ ഐസാവൽ എന്നിവിടങ്ങളിലും ചിലർക്ക് ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ പാകിസ്ഥാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.