ഡൽഹിയിലെ സ്‌കൂളിൽ 16 വയസ്സുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രധാനാധ്യാപികയെയും മൂന്ന് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തു. കുട്ടിയുടെ അച്ഛൻ നൽകിയ മൊഴിയും വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പിലെ പരാമർശവും കണക്കിലെടുത്താണ് സ്കൂളിന്‍റെ നടപടി. മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു.

നവംബര്‍18നാണ് ഡല്‍ഹി സെന്‍റ് കൊളംബാസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ശൗര്യ പാട്ടീല്‍ എലവേറ്റഡ് മെട്രോ സ്റ്റേഷന്‍റെ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ സ്കൂൾ ബാഗിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ സ്കൂളിൽ നിന്നും നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ മാനസികസമ്മര്‍ദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കുറിപ്പിലുള്ളത്. പ്രധാനാധ്യാപികയും മൂന്ന് അധ്യാപകരും ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കുട്ടി പറഞ്ഞിരുന്നു. 

 നാല് ദിവസമായി അധ്യാപിക ജൂലി വർഗീസ് കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ശൗര്യയുടെ സുഹൃത്തുക്കൾ തന്നോട് പറഞ്ഞതായി പിതാവ് പ്രദീപ് പാട്ടീല്‍ പറഞ്ഞു. ശൗര്യ ആത്മഹത്യ ചെയ്ത ദിവസം, നാടക ക്ലാസിനിടെ കുട്ടി വീണുപോയപ്പോള്‍ അമിതമായി അഭിനയിക്കുകയാണെന്ന് അധ്യാപിക യുക്തി മഹാജൻ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തതായും കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപകന്‍ അപമാനിച്ചതിനെത്തുടര്‍ന്ന് കര‍യാന്‍ തുടങ്ങിയ ശൗര്യയോട് ‘നിനക്ക് എത്ര വേണമെങ്കിലും കരയാം, എനിക്കൊരു പ്രശ്നവുമില്ല’ എന്ന് പറഞ്ഞ് കുട്ടിയെ കൂടുതൽ പരിഹസിച്ചതായും പിതാവ് പറയുന്നു. ഇതെല്ലാം നടക്കുമ്പോൾ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പ്രധാനാധ്യാപിക അപരാജിത പാൽ അവിടെ ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം ഇടപെട്ടില്ലെന്നും ശൗര്യയുടെ അച്ഛന്‍ പറഞ്ഞു. 

കുട്ടിയുടെ മരണത്തിന് രണ്ടുദിവസത്തിന് ശേഷം പിതാവ് സമര്‍പ്പിച്ച പ്രഥമവിവരങ്ങളില്‍ പരാമര്‍ശിച്ച പ്രധാനാധ്യാപികയെയും അധ്യാപകരെയുമാണ് സ്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ എന്തെങ്കിലും അന്വേഷണം ഉണ്ടായാല്‍ ലഭ്യമാകണമെന്നും സസ്പെന്‍ഷനിലായ അധ്യാപകര്‍ അനുമതിയില്ലാതെ സ്കൂള്‍ സന്ദര്‍ശിക്കാനോ വിദ്യാര്‍ഥികളുമായോ നടപടി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമ്പോള്‍ സ്കൂള്‍ അവരെ തിരിച്ചെടുക്കുമെന്നും അധ്യാപകരെ പിരിച്ചുവിട്ടില്ലെങ്കില്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും ശൗര്യ പാട്ടീലിന്‍റെ മാതാപിതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം കുട്ടിയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിനായി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അഞ്ചംഗസമിതി രൂപീകരിച്ചു. ജോയിന്റ് ഡയറക്ടർ ഹർഷിത് ജെയിൻ അധ്യക്ഷനായ സമിതിയോട് വസ്തുനിഷ്ഠവും വിശദവുമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

The school principal and three teachers have been suspended in connection with the suicide of a 16-year-old student at a Delhi school. The school took action based on the statement given by the student's father and mentions in the student's suicide note. The Delhi government has ordered a high-level investigation into the death