ഡല്‍ഹിയില്‍ പത്താംക്ലാസുകാരന്‍ മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സ്വകാര്യ സ്കൂളിലെ അധ്യാപകര്‍ക്കെതിരെ കുടുംബം രംഗത്ത്. കുട്ടിയെ അധ്യാപകർ ഒരു വർഷത്തോളമായി പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി മാതാപിതാക്കള്‍ പറയുന്നു. അധ്യാപകരുടെ പെരുമാറ്റത്തെ മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. സെൻട്രൽ ഡൽഹിയിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിയായ 16 വയസുകാരന്‍ ശൗര്യ പാട്ടീലാണ് ആത്മഹത്യ ചെയ്തത്. സ്‌കൂൾ ബാഗിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ മൂന്ന് അധ്യാപകരുടെ പേര് പ്രതിപാദിക്കുന്നുണ്ട്.
സ്കൂളില്‍ നൃത്തപരിശീലനത്തിനിടെ കുട്ടി വേദിയിൽ വീണതിനെ തുടര്‍ന്ന്, അധ്യാപകര്‍ കുട്ടിയെ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തതായി പിതാവ് പ്രദീപ് പാട്ടീൽ പറയുന്നു. പൊട്ടിക്കരഞ്ഞപ്പോൾ ‘എത്ര വേണമെങ്കിലും കരഞ്ഞോ, പക്ഷേ എനിക്ക് അത് പ്രശ്നമല്ല’ എന്നായിരുന്നു അധ്യാപകരിൽ ഒരാളുടെ പ്രതികരണം. മനപ്പൂർവ്വം വീണതാണെന്ന് പറഞ്ഞ് അധ്യാപകർ അവനെ നൃത്തത്തിൽ നിന്ന് മാറ്റിയതായും നാടകം കളിക്കുകയാണെന്ന് പറഞ്ഞതായും ശൗര്യയുടെ കൂട്ടുകാര്‍ പറഞ്ഞതായി പ്രദീപ് പറഞ്ഞു. സ്കൂൾ പ്രിൻസിപ്പലും സ്ഥലത്തുണ്ടായിരുന്നു, പക്ഷേ ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
തന്‍റെ മകന്‍ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും പ്രദീപ് പറയുന്നു. ‘സ്കൂൾ അധികൃതരോട് ഈ വിഷയം പറഞ്ഞപ്പോളെല്ലാം മകനോട് ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞ് അവർ അത് തള്ളിക്കളയുമായിരുന്നു. കണക്കില്‍ മാര്‍ക്ക് മോശമാണെന്നും പഠനത്തിൽ ശ്രദ്ധിക്കില്ലെന്നും അവര്‍ പറയും’ പ്രദീപ് പറഞ്ഞു. ‘മറ്റൊരിക്കല്‍ ഒരു അധ്യാപിക എന്റെ മകനെ തള്ളിയിട്ടിട്ടുമുണ്ട്. അവന്‍ ആത്മഹത്യ ചെയ്തതിന് ശേഷം, പ്രിൻസിപ്പൽ എന്നെ വിളിച്ചിരുന്നു. എന്ത് സഹായം വേണമെങ്കിലും ചോദിക്കാന്‍ പറഞ്ഞു. എന്റെ മകനെ എനിക്ക് തിരികെ തരണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു’ പ്രദീപ് പറയുന്നു.
ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്
ബാഗില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ അധ്യാപകരുടെ ആവർത്തിച്ചുള്ള പീഡനം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് ശൗര്യ പറയുന്നു. ‘മമ്മി എന്നോട് ക്ഷമിക്കണം, ഞാൻ പലതവണ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. അവസാനമായി ഒരിക്കൽ കൂടി ഞാൻ വേദനിപ്പിക്കുകയാണ്. എന്‍റെ അധ്യാപകര്‍ ഇങ്ങനെയാണ്. ഞാന്‍ എന്ത് ചെയ്യും? എന്റെ അവസാന ആഗ്രഹം അവർക്കെതിരെ നടപടിയെടുക്കണമെന്നാണ്. മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്. പപ്പ എന്നോട് ക്ഷമിക്കണം. എനിക്ക് നിങ്ങളെപ്പോലെ ഒരു നല്ല മനുഷ്യനാകാൻ കഴിഞ്ഞില്ല’ ശൗര്യയുടെ കുറിപ്പില്‍ പറയുന്നു. തന്റെ അവയവങ്ങൾ പറ്റുമെങ്കില്‍ ദാനം ചെയ്യണമെന്നും ശൗര്യ ആവശ്യപ്പെട്ടിട്ടുണ്ട്.
സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. സ്കൂള്‍ യൂണിഫോമില്‍ തന്നെയാണ് കുട്ടി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു. ശൗര്യയെ സാധാരണയായി സ്‌കൂളിലേക്ക് കൊണ്ടുപോകുകയും തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നത് പിതാവാണ്. എന്നാല്‍ മരിക്കുന്ന ദിവസം സ്കൂളിന്‍റെ പിൻഭാഗത്തെ ഗേറ്റിലൂടെ ഇറങ്ങിയാണ് കുട്ടി മെട്രോ സ്റ്റേഷനിലെത്തിയത്.