ഡല്‍ഹി സ്ഫോടനത്തിന് പിന്നിലെ വിദേശബന്ധത്തിന് കൂടുതല്‍ തെളിവ്. അഫ്ഗാനിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം നേടി രാജ്യത്ത് ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കാന്‍ തുടങ്ങി. നാലുപേരുടെ അറസ്റ്റ് കൂടി എന്‍.ഐ.എ രേഖപ്പെടുത്തി. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
അഫ്ഗാനിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും വൈറ്റ് കോളര്‍ ഭീകര സംഘത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഫൈസല്‍ ഇഷാഖ് ഭട്ട്, ഡോ. ഉകാസ, ഹാഷിം എന്നിവര്‍ നിരന്തരം ഡോ. ഉമര്‍ നബി അട്ടകമുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. ഇതില്‍ ഫൈസല്‍ ഇഷാഖ് ഭട്ട് അഫ്ഗാനിലും ഉകാസ പാക് അധീന കശ്മീരിലുമാണ്,. ഡല്‍ഹി സ്ഫോടനത്തില്‍ നേരത്തെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റുചെയ്ത ഡോ. മുസമ്മില്‍, ഡോ. അദീല്‍ റാത്തര്‍, ഡോ. ഷഹീന്‍ ഷഹീദ്, മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് എന്നിവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായവരുടെ രണ്ടുലക്ഷം രൂപ വരുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വൈറ്റ് കോളര്‍ ഭീകരസംഘത്തിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം നേടിയവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ചൈന, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടി രാജ്യത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളോട് അന്വേഷണ സംഘം നിര്‍ദേശിച്ചു. അതിനിടെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ മധ്യപ്രദേശിലെ മൗവിലെ കുടുംബവീട് കയ്യേറ്റമാണും പൊളിച്ചുനീക്കണം എന്നു ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടിസ് നല്‍കി. ഇന്ത്യയുമായി യുദ്ധസാഥ്യത തള്ളാനാവില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനെ ഉപയോഗിച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുകയാണെന്ന ആരോപണവും ആവര്‍ത്തിച്ചു.