alfalh

അല്‍ ഫലാഹ്  ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിക്കിയെ ഇഡി അറസ്റ്റ് ചെയ്തു. ഒരു ദിവസം മുഴുവന്‍ നീണ്ട പരിശോധനകള്‍ക്കും ചോദ്യംചെയ്യലിനുമൊടുവിലാണ് നടപടി. അല്‍ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ വെളുപ്പിക്കല്‍ ഉണ്ടായിട്ടുണ്ടെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അല്‍ ഫലാഗ് ഗ്രൂപ്പിനെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും ഇഡി വ്യക്തമാക്കി. ഹരിയാന ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്കെതിരെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ക്ക് പിന്നാലെയാണ് ഇഡിയും രംഗപ്രവേശനം ചെയ്തത്. 

നാക്കിന്‍റെ അക്രഡിറ്റേഷനുണ്ടെന്ന് വ്യാജരേഖ ചമച്ച് വിദ്യാര്‍ഥികളില്‍നിന്ന് പണം വാങ്ങിയെന്നാണ് പരാതി. അല്‍ഫലാഹ് സര്‍വകലാശാലയുടെ മാനേജിങ് ട്രസ്റ്റിമാരില്‍ ഒരാളാണ് ജാവേദ് അഹമ്മദ് സിദ്ദിക്കി. ഡല്‍ഹിയിലും ഹരിയാനയിലുമടക്കം 19 കേന്ദ്രങ്ങളിലാണ് ഇഡി ഇന്ന് പരിശോധന നടത്തിയത്. സര്‍വകലാശായ്ക്ക് ലഭിച്ച കോടിക്കണക്കിന് രൂപ കുടുംബ ട്രസ്റ്റുകളിലേക്ക് വകമാറ്റിയെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. ഇഡിയുടെ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 48 ലക്ഷം രൂപയും പിടിച്ചെടുത്തു.

ഡൽഹി സ്ഫോടനക്കേസിലെ ഭീകരർക്ക് കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാലയുടെ സാമ്പത്തിക സ്രോതസ്സുകൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിച്ചിരുന്നു. വൈറ്റ് കോളർ ഭീകരസംഘത്തിലെ പ്രധാനികൾക്ക് സർവകലാശാലയുമായി ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇ.ഡി. നടപടികൾ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) സർവകലാശാലയുടെ ധനകാര്യ ഇടപാടുകൾ, വിദേശ ഫണ്ടുകൾ, മറ്റ് സാമ്പത്തിക സ്രോതസ്സുകൾ എന്നിവയെക്കുറിച്ച് ഇ.ഡി. അന്വേഷണം നടത്തുന്നുണ്ട്. 

ENGLISH SUMMARY:

Javed Ahmed Siddiqui, Chairman of Al Falah Group, has been arrested by the ED. The arrest follows investigations into money laundering related to the Al Falah Group and Al Falah University.