ബംഗാള്‍ രാജ്ഭവനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ടി.എം.സി എം.പി കല്യാണ്‍ ബാനര്‍ജിക്കെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. സത്യപ്രതിജ്ഞാ ലംഘനമാണ് കല്യാണ്‍ബാനര്‍ജി നടത്തിയത്. മാപ്പുപറഞ്ഞാലും നിയമനടപടിയുമായി മുന്നോട്ടുപോകും. അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെടുമെന്നും സി.വി.ആനന്ദബോസ് മനോരമ ന്യൂസിനോട് പറഞ്ഞു.
ബി.ജെ.പി ക്രിമിനലുകള്‍ക്ക് രാജ്ഭവനില്‍ നിന്ന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നു എന്ന് കല്യാണ്‍ ബാനര്‍ജി ആരോപിച്ചിരുന്നു. പിന്നാലെ രാജ്ഭവനില്‍ ഗവര്‍ണറുടെ തന്നെ നിര്‍ദേശപ്രകാരം ബംഗാള്‍ പൊലീസും സി.ആര്‍.പി.എഫും സംയുക്തമായി പരിശോധന നടത്തിയിരുന്നു.അതേസമയം, ബംഗാള്‍ രാജ്ഭവനില്‍ നാടകീയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ഗവര്‍ണര്‍ സി.വി.ആനന്ദബോസിന്‍റെ നിര്‍ദേശപ്രകാരം ബംഗാള്‍ പൊലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് രാജ്ഭവനില്‍ പരിശോധന നടത്തിയത്.
ബിജെപിക്കാരായ ഗുണ്ടകളെ ഗവര്‍ണര്‍ സംരക്ഷിക്കുകയാണെന്നും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് രാജ്ഭവനില്‍ നിന്നാണെന്നും കഴിഞ്ഞദിവസം ടി.എം.സി എം.പി. കല്യാണ്‍ ബാനര്‍ജി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.വി.ആനന്ദബോസ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയുടെ ഭാഗമായി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.