ഒന്നുരസിയാല്‍ ഒന്ന് ചൂട് തട്ടിയാല്‍ അത്യുഗ്രമായി പൊട്ടിത്തെറിക്കുന്ന ‘സാത്താന്‍റെ അമ്മ’. ഡല്‍ഹി ചെങ്കോട്ടയിലെ സ്ഫോടനത്തിനായി ഡോക്ടര്‍ ഉമര്‍ നബിയും മുഹമ്മല്‍ ഷക്കീലും ഉപയോഗിച്ചത് ഈ രാസകൂട്ടുകെട്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തി. ടി.എ.ടി.പി അഥവാ ട്രൈഅസിറ്റോൺ ട്രൈപെറോക്‌സൈഡ് . ഉരസല്‍, നേരിയ സമ്മര്‍ദം, ചൂട് എന്നിങ്ങനെ നിലവിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഏത് മാറ്റവും പൊട്ടിത്തെറിക്ക് കാരണമാകും. അമോണിയം നൈട്രേറ്റിന് ഡിറ്റണേറ്റര്‍ ആവശ്യമാണെങ്കില്‍ സ്ഫോടനം നടത്തുന്നതിനായി ടിഎടിപിക്ക് അതുപോലും ആവശ്യമില്ല. നൗഗാ പൊലീസ് സ്റ്റേഷനില്‍വച്ച് സാംപിള്‍ എടുക്കുന്നതിനിടെ ഉഗ്രസ്ഫോടനം നടന്നതിനു പിന്നിലും ഈ രാസവസ്തുവിന്‍റെ സാന്നിധ്യം തന്നെയായിരിക്കണം.
ഭീകരര്‍ക്ക് പ്രിയമേറിയ കൂട്ടാണ് ഈ ടിഎടിപി. ലക്ഷ്യത്തിലെത്തുമെന്ന ഉറപ്പാണ് ഇതിനു കാരണം. മദര്‍ ഓഫ് സാത്താന്‍ എന്ന വിളിപ്പേരിനു പിന്നിലും ഇതുതന്നെയാണ് കാര്യം. ടിഎടിപി കൂട്ടിച്ചേര്‍ത്തുള്ള ഉഗ്രസ്ഫോടനങ്ങള്‍ ലോകത്ത് നിരവധി നടന്നിട്ടുണ്ട്. 2017ലെ ബാഴ്സലോണ,മാഞ്ചസ്റ്റര്‍ ആക്രമണം, 2015ലെ പാരിസ് സ്ഫോടനം, 2016ലെ ബ്രസല്‍സ് ഭീകരാക്രമണം അങ്ങനെ സ്വന്തം ക്രൂരതയ്ക്ക് സാത്താന്‍റെ അമ്മയെ കൂടെക്കൂട്ടിയ ദുരന്തങ്ങള്‍ നിരവധി.
അതിവേഗ വിഘടന ശേഷിയാണ് ഈ രാസവസ്തുവിനെ വിനാശകാരിയാക്കുന്നത്. ചെറിയ ചൂട്, ഘർഷണം, നേരിയ സമ്മര്‍ദ്ദം ഈ സാഹചര്യങ്ങളിലെല്ലാം ഇതിന്റെ രാസഘടന തകരും. അതുകൊണ്ടു തന്നെ നിരീക്ഷണ സംവിധാനങ്ങളെല്ലാം ടിഎടിപിയെ പ്രൈമറി എക്സ്പ്ലൊസീവ് ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. രസതന്ത്ര പ്രബന്ധങ്ങളിലും ഇതിനെ ഒരു ചാവേറായാണ് വിശേഷിപ്പിക്കുന്നത്. സ്വയം നശിക്കാന്‍ ഏത് നേരവും സന്നദ്ധമായ ചാവേര്‍.
ഡല്‍ഹിയില്‍ നടന്നത്...
ആക്രമണത്തിന്‍റെ സ്വഭാവവും ആക്രമണത്തിന് ശേഷമുള്ള സ്ഥലപരിശോധനയിലുമാണ് ടിഎടിപിയുടെ സാന്നിധ്യം സംശയിക്കപ്പെട്ടത്. സ്ഫോടനസ്ഥലത്ത് ചീളുകളോ വെടിമരുന്ന് ഗന്ധമോ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നുമില്ല. വലിയ ആക്രമണം ലക്ഷ്യമിടുന്നതിനിടെ വന്ന അബദ്ധമാണോ എന്നതും സംശയിക്കുന്നുണ്ട്. ടിഎടിപി ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ഉമറിന് എങ്ങനെ ലഭിച്ചുവെന്നതും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ , യാത്രാ വിവരങ്ങള്‍ തുടങ്ങി ഉമറുമായി ബന്ധപ്പെട്ട എല്ലാത്തിനെ കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
ഉമറിന്‍റെ സുഹൃത്തുക്കളും ഡോക്ടര്‍മാരുമായ ഷഹീന്‍ സയീദ്, മുഹമ്മില്‍ ഷക്കീല്‍, ആദില്‍ റാഥേര്‍ എന്നിവരെ ജമ്മു പൊലീസ് ഫരീദാബാദിലെത്തി അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഉമര്‍ ചാവേര്‍ സ്ഫോടനം നടത്തിയത്. അറസ്റ്റിലായവരെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരെല്ലാം അല്‍ ഫല സര്‍വകലാശാലയുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നതും. ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 25ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.