ക്രിസ്ത്യാനികളായ ഗ്രാമീണര്‍ക്കെതിരെ അതിക്രമവുമായി തീവ്രഹിന്ദുത്വവാദികള്‍. ഹരിയാനയിലെ റോഹ്തക് ജില്ലയില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസസമൂഹത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്. ഇവര്‍ വിശ്വാസികളെ അസഭ്യം പറയുകയും നിര്‍ബന്ധിച്ച് ബൈബിള്‍ കത്തിക്കുകയും ചെയ്തു. പ്രചരിക്കുന്ന വിഡിയോയില്‍ വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്നുണ്ട്.
ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നും വിളിച്ചാണ് ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. പെട്രോള്‍ ഒഴിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് തീ കൊളുത്തിയത്.
വടക്കേന്ത്യയില്‍ നിന്നും നിരന്തരം വരുന്ന ക്രിസ്ത്യന്‍ അതിക്രമ വാര്‍ത്തകള്‍ക്കിടെയാണ് ഭീകരമായ ദൃശ്യങ്ങള്‍ വീണ്ടും പ്രചരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ച എന്ന കുറ്റം ചുമത്തി ബറേലിയില്‍ നിന്നും പാസ്റ്ററിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഛത്തീസ്ഗഢിലെ റായ്പൂരില്‍ പള്ളിയിലേക്ക് വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറിയത്.