TOPICS COVERED

റോങ് സൈഡില്‍ വന്ന യാത്രക്കാരി ബയ്യപ്പനഹള്ളിയില്‍ തീര്‍ത്തത് വലിയ ഗതാഗതകുരുക്ക്. ഇവരുടെ സ്കൂട്ടര്‍ ഓട്ടോയില്‍ ഇടിച്ചതിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് ഗതാഗതകുരുക്കിലേക്ക് വഴിവച്ചത്.  സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനടുത്തുള്ള ഫ്ലൈഓവറിലാണ് സംഭവം നടന്നത്. റോങ് സൈഡിലൂടെ വന്ന സ്കൂട്ടർ യാത്രക്കാരി ഒരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്കൂട്ടര്‍ റോഡില്‍ നിന്നും മാറ്റാതെ ഇവര്‍ ഓട്ടോറിക്ഷാ ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. 

സംഭവസ്ഥലത്ത് വേഗത്തിൽ എത്തിയ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും യുവതി തര്‍ക്കം അവസാനിപ്പിക്കാനോ, വാഹനം മാറ്റാനോ തയ്യാറായില്ല. ഇതോടെ ഓട്ടോയ്​ക്ക് പിന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ കുടുങ്ങി. ഏകദേശം ഒരു കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്കുണ്ടായി.

സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. യുവതിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യുവതിയുടെ പെരുമാറ്റം ശരിയല്ലെന്നും നിയമനടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. തെറ്റ് ചെയ്​തിട്ടും തര്‍ക്കിച്ചുകൊണ്ടിരുന്ന യുവതിയുടെ അഹങ്കാരം അവിശ്വസനീയമാണെന്നും കമന്‍റുകളുണ്ട്. 

ENGLISH SUMMARY:

Bangalore traffic was heavily affected due to a wrong-side scooter accident in Biyyappanahalli. The incident caused a major traffic jam near Swami Vivekananda Metro Station after a scooter rider and auto driver argued following a collision.