ബിഹാറിലെ അലിനഗറില്‍ ചുമ്മാ പാട്ടുംപാടി മൈഥിലി താക്കൂര്‍ ജയിച്ചു കയറിയത് ബീഹാര്‍ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ എന്ന ചരിത്ര നേട്ടത്തിലേക്കാണ്. കന്നിയങ്കത്തിന് 11000 വോട്ടിൻ്റെ തേജസുള്ള ഭൂരിപക്ഷത്തോടെയാണ് ജയം. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജെന്‍ സീ മുഖമായിരുന്നു മൈഥിലി. പ്രായം വെറും 25.  മനോഹരമായ ശബ്ദമാണ്  ഹൈലൈറ്റ്. ഇന്‍സ്റ്റ ഗ്രാമില്‍ ഏഴ് മില്യണ്‍ ഫോളോവേഴ്സാണ് ആ പാട്ടില്‍ ലൈക്കടിച്ച് വീണത്. 

പരമ്പരാഗത സംഗീത കുടുംബമാണ് മൈഥിലിയുടേത്. രാഷ്ട്രീയപാരമ്പര്യമോ പരിചയമൊ ഇല്ലാത്തതുകൊണ്ട് ആള് കൂളാണ്, നോ ടെന്‍ഷന്‍. പ്രചാരണവേദികളില്‍ നിറചിരിയുമായങ്ങ് ഇറങ്ങും. നാടന്‍ പാട്ടുകളൊക്കെയങ്ങ് ഇറക്കിവീശി  സ്ഥാനാര്‍ഥി നാട്ടിലെങ്ങും പാട്ടായി. പ്രചാരണയോഗങ്ങളിലൊക്കെ ആള് കൂടി. ആ പാട്ടിലും പ്രസന്നതയിലും അവരും വീണെന്ന് തിരഞ്ഞെടുപ്പ് ഫലം കണ്ടാലറിയാം. കാരണം  മൈഥിലിയുടെ നാട് അലിനഗറിലൊന്നുമല്ല. അയല്‍ജില്ലയായ മിഥിലക്കാരിയാണ്. 

പഠിച്ചതും വളര്‍ന്നതും ഡല്‍ഹിയില്‍. നാട്ടുകാരിയല്ലെങ്കിലും പാട്ടുകാരിയായതുകൊണ്ട് വോട്ടുകുത്താന്‍ നാട്ടുകാര്‍ ഇടംവലം ആലോചിച്ചില്ലെന്ന് ചുരുക്കം. ഇത്രയൊക്കെയെ ബിജെപിയും വിചാരിച്ചുള്ളൂ. പാട്ട് നിര്‍ത്തി രാഷ്ട്രീയം പറഞ്ഞപ്പോഴൊക്കെ മൈഥിലി വൈറല്‍ ട്രോളുകളുടെ ലിസ്റ്റില്‍ ഒന്നാമതായിരുന്നു. അതുകൊണ്ട്  അതങ്ങ് നിര്‍ത്തി. വെള്ളപ്പൊക്കം, കൃഷിനാശം, തൊഴിലില്ലായ്മ അങ്ങനെ പ്രശ്നങ്ങള്‍ക്ക് മേല്‍ പ്രശ്നങ്ങളുമായി ജീവിക്കുന്ന നാട്ടുകാര്‍ക്ക് ഒരൊറ്റ വാഗ്ദാനമേ നല്‍കിയുള്ളൂ. മണ്ഡലത്തിന്റ പേര് മാറ്റാം.  അലിഗര്‍ നഗറിനെ  സീതാനഗര്‍ എന്നാക്കും. 

ബ്രാഹ്മണ മുസ്​ലിം വോട്ടുകള്‍ ബലാബലമുള്ള മണ്ഡലമാണ്. ഈ ഒരൊറ്റ വാഗ്ദാനത്തോടെ യാദവ, പിന്നോക്കവോട്ടുകള്‍ കൂടി മൈഥിലിയുടെ വിജയപ്പാട്ടിന് പിന്നണിപാടി. അലിനഗറില്‍ ആദ്യമായാണ് ബിജെപി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കഴിഞ്ഞ തവണ ബിജെപി പിന്തുണയോടെ വികാസ്ശീല്‍ ഇസാന്‍ പാര്‍ട്ടിയാണ് ജയിച്ചത്. അന്ന്  മൂവായിരം വോട്ടിന് തോറ്റ വിനോദ് മിശ്രയെത്തന്നെയാണ് ഇത്തവണയും ആര്‍ജെഡി കളത്തിലിറക്കിയത്. തോല്‍വിയുടെ ആഘാതം കൂടിയെന്നതൊഴിച്ചാല്‍ വേറെ മെച്ചമൊന്നുമുണ്ടായില്ല. 

ബിഹാര്‍ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണിനി മൈഥിലി. നിതീഷ്ജിയും  മോദിജിയുമാണ് മൈഥിലിയുടെ ഹീറോസ്. അക്ഷരമെഴുതാനും ഒപ്പിടാനും അറിയാതിരുന്ന റാബ്റി ദേവിക്ക് ബീഹാറിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കാമെങ്കില്‍, മൈഥിലിക്ക് ലേശം രാഷ്ട്രീയപരിഞ്ജാനം കുറവാണെന്നല്ലേയുള്ളൂവെന്ന്  ബിജെപി. പക്ഷേ  വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക്   എംഎല്‍എ പാട്ടുംപാടി നേരെ ഡല്‍ഹിക്ക് വിടുമോ എന്നൊരു പേടി വോട്ടര്‍മാര്‍ക്ക് ഇല്ലാതില്ല.

ENGLISH SUMMARY:

Maithili Thakur is the focus keyword. Maithili Thakur's victory in Alinagar, Bihar, marks her as the youngest MLA in the Bihar Legislative Assembly, winning with a significant margin and becoming a prominent face for the BJP in Bihar elections.