ഡല്‍ഹി ചെങ്കോട്ടയ്ക്കുമുന്നില്‍ സ്ഫോടനം നടത്തിയ ഭീകരന്‍ ഡോ.ഉമര്‍ നബിയുടെ ജമ്മുകശ്മീരിലെ വീട് സുരക്ഷാ സേന തകര്‍ത്തു. ഭീകരാക്രമണത്തിനായി വൈറ്റ് കോളര്‍ സംഘത്തിന്‍റെ മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയില്‍ ക്രൈം ബ്രാഞ്ചിന്‍റെ പരിശോധന തുടരുകയാണ്.
ഭീകരന്‍ ഡോ. ഉമർ നബിയുടെ ജമ്മു കശ്മീരിര്‍ പുൽവാമയിലെ വീടാണ് സുരക്ഷാസേന പുലര്‍ച്ചെ തകര്‍ത്തത്. വീടിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ കോണ്‍ക്രീറ്റ് കൂമ്പാരവും അവശിഷ്ടങ്ങളും മാത്രം. കുടുംബാംഗങ്ങളെ നേരത്തെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷമാണ് വീട് പൊളിച്ചത്. ബന്ധുക്കളില്‍ ചിലര്‍ കസ്റ്റഡിയിലുമാണ്. നേരത്തെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രാദേശിക സഹായം നല്‍കിയ ഭീകരരുടെ വീടുകളും തകര്‍ത്തിരുന്നു.
ഡല്‍ഹിയില്‍ സ്ഫോടനം നടത്താന്‍ ജെയ്ഷേ മുഹമ്മദ് ബന്ധമുള്ള ഡോ. ഉമർ നബിയും വൈറ്റ് കോളര്‍ ഭീകര സംഘവും മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയതിന്‍റെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. സ്ഫോടക വസ്തു നിർമാണത്തിനായി ഫാം ഹൗസ് ഉടമകൾ എന്ന വ്യാജേനയാണ് സംഘം രാസവളം വാങ്ങിയത്. ക്വാറി ഉടമകൾ എന്നപേരില്‍ അമോണിയം നൈട്രേറ്റ് വാങ്ങി. സ്വിറ്റ്സർലൻഡ് ആപ്പ് ത്രീമ ആശയവിനിമയത്തിന് ഉപയോഗിച്ചു. ഉമർ സമൂഹ മാധ്യമങ്ങളിലെ നിരവധി തീവ്രവാദം ഗ്രൂപ്പുകളിൽ അംഗമാമെന്നും കണ്ടെത്തി.
യു.പി ഹാപൂരിലെ ജിഎസ് മെഡിക്കൽ കോളേജിലെ ഡോ. ഫാറൂഖിനെയും അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെയും കാൺപൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥി മുഹമ്മദ് ആരിഫ് മിറിനെയും ചോദ്യംചെയ്തു വരികയാണ്. വനിത ഡോ. ഷഹീൻ സയീദുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഉമറടക്കമുള്ള ഭീകരര്‍ ജോലിചെയ്ത ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിൽ ഹരിയാന ക്രൈംബ്രാഞ്ച് സംഘം ഇന്നും പരിശോധനയ്ക്കെത്തി.