മാരുതി സുസുക്കി ബ്രെസ്സ, മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയുൾപ്പെടെ 32 കാറുകൾ രാജ്യത്ത് സ്‌ഫോടക വസ്തുക്കളോ ബോംബുകളോ എത്തിക്കാൻ തയ്യാറെടുത്തതായി ഡൽഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന്‍റെ പ്രതികാരമായി ഡൽഹിയിലെ ആറ് സ്ഥലങ്ങൾ ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണപരമ്പരയുടെ ഭാഗമായിരുന്നു തിങ്കളാഴ്ച വൈകുന്നേരം പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് i20 എന്നും അന്വേഷണവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാഹ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്‍ററിന്‍റെ ക്യാംപസിലാണ് സ്ഫോടക വസ്തുക്കള്‍ കടത്താനുപയോഗിച്ച ബ്രെസ്സ - എച്ച്ആർ 87 യു 9988 കാര്‍ കണ്ടെത്തിയത്. കാറിൽ നിന്ന് തോക്കും വെടിക്കോപ്പും കണ്ടെടുത്തു. ഉയർന്ന ഗ്രേഡ് സ്‌ഫോടക വസ്തുക്കളും അമോണിയം നൈട്രേറ്റ് ഇന്ധന എണ്ണയും കൊണ്ട് നടത്തിയ ചെങ്കോട്ട സ്‌ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാളായ ഉമർ മുഹമ്മദാണ് സ്‌ഫോടനത്തിന് തുടക്കമിട്ടതെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ബദർപൂർ അതിർത്തി കടന്ന ഐ20 ഡൽഹിയിൽ പ്രവേശിച്ച് മണിക്കൂറുകളോളം നഗരത്തിൽ ചുറ്റിക്കറങ്ങി. ചെങ്കോട്ടയുടെ പാർക്കിങ്ങിനുള്ളിൽ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. തിങ്കളാഴ്ച കോട്ട അടച്ചിരിക്കുന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു. കോട്ടയുടെ പ്രവേശന കവാടത്തിന് പുറത്തുള്ള തിരക്കേറിയ ട്രാഫിക് സിഗ്നലിലും ഒരു മെട്രോ സ്‌റ്റേഷനു സമീപവും ബോംബ് സ്ഥാപിച്ചു. ഇയാളുടെ കൂട്ടാളികളായ ആദിൽ അഹമ്മദ് റാത്തർ, മുജമ്മിൽ ഷക്കീൽ, ബ്രെസ ഓടിച്ച ഷഹീൻ സയീദ് എന്നിവരെ പിടികൂടിയതിനൊപ്പം 3000 കിലോ സ്‌ഫോടക വസ്തുക്കളും ആക്രമണ റൈഫിളുകളും കണ്ടെത്തി. തീവ്രവാദ വിരുദ്ധ ഏജൻസിയായ എൻഐഎയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജമ്മു കശ്മീരിലെ നൗഗാമിൽ ജെയ്‌ഷെ ഭീകരസംഘടനയെ പുകഴ്ത്തി പോസ്റ്ററുകൾ പതിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പിടികൂടിയതിന് ശേഷമാണ് വൈറ്റ് കോളര്‍ ഭീകര സെല്ലിന്‍റെ ഗൂഢാലോചനയുടെ ചുരുളഴിയുന്നത്.