ഡല്‍ഹി സ്ഫോടനത്തിന്റെ നടുക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്ത്. സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാകുന്നതാണ് വിഡിയോ. അതിനിടെ സ്ഫോടനം നടത്തിയ ഭീകരർ ചെങ്കോട്ടയിൽ റിപ്പബ്ലിക് ദിനത്തിൽ സ്ഫോടനത്തിന് പദ്ധതിയിട്ടതായി സംശയം. ഭീകരൻ ഡോ. ഉമർ നബി ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന കാർ ഫരീദാബാദ് ജില്ലയിൽനിന്ന് കണ്ടെത്തി. സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച പ്രധാനമന്ത്രി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ആവർത്തിച്ചു. എൻ.ഐ.എ അഡീഷണൽ ഡയറക്ടർ വിജയ് സാക്കറെ നയിക്കുന്ന പത്തംഗ സംഘം അന്വേഷണം ഊർജിതമാക്കി.

ജയ്ഷെ മുഹമ്മദ് ബന്ധമുള്ള വൈറ്റ് കോളർ ഭീകരസംഘം ഡൽഹിയിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് വിവരം. സംഘത്തിന്റെ നേതാവായ ഡോ. ഉമർ നബിയും കൂട്ടാളി ഫരീദാബാദിൽ പിടിയിലായ ഡോ. മുസമ്മിലും ജനുവരിയിൽ ചെങ്കോട്ടയിൽ വന്നതായി കണ്ടെത്തി. മുസമ്മിൽ ഒന്നിലേറെത്തവണ ചെങ്കോട്ടയിലെത്തിയെന്ന് മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളിൽനിന്നാണ് വ്യക്തമായത്. റിപ്പബ്ലിക് ദിനത്തിന്റെ പരേഡിന്റെ സമാപനവേദിയായ ചെങ്കോട്ടയിൽ സ്ഫോടനം നടത്താനായിരുന്നു നീക്കമെന്നാണ് സംശയം. ഉമർ നബി വാങ്ങിയെന്ന് കരുതുന്ന ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ ഫരീദാബാദിനടുത്തുള്ള ഖണ്ഡേവാൾ ഗ്രാമത്തിലെ ഫാം ഹൗസിൽനിന്ന് ഹരിയാന പൊലീസ് കണ്ടെത്തി.

ഡൽഹി രജിസ്ട്രേഷനിലുള്ള കാർ വാങ്ങിയത് വ്യാജവിലാസത്തിലാണ്. സംഘം മറ്റൊരു കാർകൂടി വാങ്ങിയതായും വിവരമുണ്ട്. ഇവ സ്ഫോടനം ലക്ഷ്യമിട്ടാണോ എന്നാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ വിൽപന നടത്തിയ കാറുകളുടെ വിവരവും പൊലീസ് ശേഖരിക്കുന്നു. ദേശീയ അന്വേഷണ ഏജൻസി എ.ഡി.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജമ്മു കശ്മീർ, യു.പി., ഫരീദാബാദ്, ലക്നൗ എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ഡോക്ടർമാരടക്കം 15 പേരാണ് നിലവിൽ അറസ്റ്റിലായത്. സ്ഫോടനസമയത്തെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.

ഭൂട്ടാനിൽനിന്ന് ഡൽഹിയിൽ തിരിച്ചെത്തിയതിനുപിന്നാലെയാണ് പ്രധാനമന്ത്രി സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ചത്. ആശ്വാസവാക്കുകളുമായി അരമണിക്കൂറോളം മോദി ആശുപത്രിയിൽ ചെലവഴിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും ക്ഷതങ്ങളുമുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഫോടനത്തിൻ്റെ ആഘാതം വ്യക്തമാക്കുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ഉമറാണെന്ന് ഉറപ്പിക്കാനുള്ള ഡി.എൻ.എ പരിശോധനയ്ക്കായി ഉമറിൻ്റെ മാതാവിൻ്റെ സാമ്പിൾ ശേഖരിച്ചു. ജമ്മു കശ്മീരിൽ നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമിയുടെ ഇരുന്നൂറിലേറെ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്തു, രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.

ENGLISH SUMMARY:

Delhi blast investigation reveals a chilling plot to attack the Red Fort on Republic Day. The NIA is intensifying its efforts to bring the perpetrators to justice.