ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനത്തിൽ 13 മരണം. നിർത്തിയിട്ട കാറുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഫരീദാബാദിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയിരുന്നു. ജമ്മു കശ്മീർ പൊലീസാണ് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയത്.
ജമ്മു കശ്മീർ സ്വദേശിയായ ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു റെയ്ഡ്. മുസമിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടിൽനിന്നാണ് ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത്. ഷക്കീൽ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്
നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള വൈറ്റ് കോളര്‍ ഭീകര ആവാസ വ്യവസ്ഥയെന്ന് ജമ്മു കശ്മീർ പൊലീസ്. പാകിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും സമ്പർക്കം പുലർത്തുന്ന ഭീകരരെയാണ് ജമ്മുകശ്മീർ പൊലീസ് അറസ്റ്റുചെയ്തത്. ശ്രീനഗർ, അനന്ത്‌നാഗ്, ഗന്ദർബാൽ, ഷോപ്പിയാൻ തുടങ്ങിയ സ്ഥലങ്ങളിലെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. എല്ലാവരും ജമ്മു കശ്മീരുകാരാണ്.