വീട്ടുകാരുടെ എതിര്‍പ്പിനെയും പരിഹാസത്തെയും അവഗണിച്ച്, കല്യാണം കഴിച്ച ഗേ ദമ്പതികളാണ് നിതീഷും മനീഷും. സ്നേഹം ഒരാളുടെ മാത്രം ത്യാഗവും സഹനവുമല്ലെന്ന് മനസ്സിലായതോടെയാണ് നിതീഷുമായി അടുപ്പത്തിലായതെന്ന് മനീഷിന്‍റെ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ മനീഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
തനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ബന്ധം വേർപ്പെടുത്തിയതാണെന്ന് മനീഷ് പറയുന്നു. തന്‍റെ വ്യക്തിത്വത്തെ പിതാവ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പക്ഷേ, നിതീഷിന് വളരെ പെട്ടെന്നു തന്നെ മനസ്സിലാക്കാൻ സാധിച്ചു. ആദ്യമായിട്ടാണ് ഒരാളെന്നെ ശെരിയായ അര്‍ധത്തില്‍ മനസിലാക്കുന്നത്.
ഡേറ്റിങ്ങിലായി കുറച്ച് കഴിഞ്ഞപ്പോള്‍ അവൻ എന്നെ സര്‍പ്രൈസായി പ്രൊപ്പോസ് ചെയ്തു. അന്ന് ഇത് എടുത്തുചാട്ടമാണെന്ന് പലരും ഉപദേശിച്ചു. പക്ഷേ, ഇതാണ് ശരിയായ തീരുമാനമെന്ന് എനിക്കുറപ്പായിരുന്നുവെന്നും മനീഷ് കുറിച്ചു..
പോസ്റ്റിന്‍റെ പൂര്‍ണരൂപം
നിതീഷ് അയച്ച സന്ദേശത്തിന് രണ്ടു വർഷത്തോളം ഞാൻ റിപ്ലൈ നൽകിയിരുന്നില്ല. അന്ന് ഞാൻ മറ്റൊരു റിലേഷനിലാണ്. സത്യം പറഞ്ഞാൽ അവന്റെ പ്രൊഫൈൽ എനിക്കു ആദ്യം ഇഷ്ടമായില്ല. അതുപറഞ്ഞ് ഞാനിപ്പോഴും അവനെ കളിയാക്കാറുണ്ട്. പക്ഷേ, ഒരു മെസേജാണ് എല്ലാം മാറ്റിമറിച്ചത്. അത് അപ്രതീക്ഷിതമായിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയത്. ഡിസംബറിൽ നേരില്‍ കണ്ടു. എന്തോ ഒരു ആകർഷണം അനുഭവപ്പെട്ടു. അവൻ ഞാൻ താമസിക്കുന്ന സ്ഥലത്തു വന്നു. എനിക്കു വേണ്ടി കുക്ക് ചെയ്തു. അവൻ യഥാർഥത്തിൽ എങ്ങനെയുള്ളയാളാണെന്ന് എനിക്കു മനസ്സിലായത് അപ്പോഴാണ. ഞാൻ എന്റെ മുൻബന്ധത്തെ കുറിച്ച് ആലോചിച്ചു. സ്നേഹമെന്നത് ഒരാളുടെ മാത്രം ത്യാഗവും സഹനവുമല്ലെന്ന് ബോധ്യമായി. ഇത്രയും മനോഹരമായി ഒരാളെ സ്നേഹിക്കാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ പൂർണമായും അവനെയും സ്നേഹിച്ചു തുടങ്ങി. സ്നേഹം എനിക്കൊരു സമ്പാദ്യം പോലെയായിരുന്നു. 9 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ബന്ധം വേർപ്പെടുത്തി. എന്നെ ഞാനായി അച്ഛൻ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പക്ഷേ, നിതീഷിന് വളരെ പെട്ടെന്നു തന്നെ എന്നെ മനസ്സിലാക്കാൻ സാധിച്ചു. പൂക്കളും, ചോക്ലേറ്റുമെല്ലാം അവൻ എനിക്കായി കരുതി. ആദ്യമായിട്ടായിരുന്നു എനിക്ക് അങ്ങനെ ഒരു അനുഭവം. അവൻ വളരെ ക്ഷമയുള്ളവനാണ്. ഞാൻ നേരെ തിരിച്ചാണ്. അവൻ യാഥാർഥ്യ ബോധത്തോടെ പെരുമാറും, ഞാനൊരു സ്വപ്നസഞ്ചാരിയാണ്. പക്ഷേ, അതൊന്നും സ്നേഹത്തിൽ തടസ്സമായിരുന്നില്ല. ഡേറ്റിങ്ങിലായി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ എന്നെ പ്രൊപ്പോസ് ചെയ്തു. അന്ന് ഇത് എടുത്തുചാട്ടമാണെന്ന് പലരും ഉപദേശിച്ചു. പക്ഷേ, ഇതാണ് ശരിയായ തീരുമാനമെന്ന് എനിക്കുറപ്പായി. തുടർന്ന് ഡൽഹിയിൽ വച്ച് വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ കുടുംബങ്ങൾ ഇപ്പോഴും പൂർണമായി ഞങ്ങളെ അംഗീകരിച്ചിട്ടില്ല. വിവാഹത്തിൽ എന്റെ അച്ഛനും നിതീഷിന്റെ സഹോദരനും പങ്കെടുത്തില്ല. പക്ഷേ, ഞങ്ങളെ സ്നേഹിക്കുന്ന പലരും പങ്കെടുത്തു. പുരോഹിതരെത്തി. മന്ത്രങ്ങൾ ചൊല്ലി. ഞങ്ങളെ അനുഗ്രഹിച്ചു. ആ നിമിഷം മറ്റൊരു ലോകത്തിലെത്തിയതു പോലെ തോന്നി. ഞങ്ങൾ സന്തോഷത്തിന്റെ ഒരു വീടുപണിതു. ആഗ്രഹിച്ച പ്രണയം കിട്ടി... ഭയങ്കര സന്തോഷമുണ്ട് ഇപ്പോള്‍.