vijay-sinha

ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. സിൻഹയുടെ മണ്ഡലമായ ലഖിസരായിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പോളിങ് ബൂത്തുകൾ സന്ദർശിക്കാനെത്തിയ സിൻഹയുടെ വാഹനവ്യൂഹം ഒരു സംഘം ആളുകൾ തടഞ്ഞു. വാഹനങ്ങൾക്ക് നേരെ കല്ലും ചെരിപ്പുകളും ചാണകവും എറിയുകയും ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘം മന്ത്രിക്ക് നേരെ 'വോട്ട് ചോരി സിന്ദാബാദ്' മുദ്രാവാക്യങ്ങള്‍ മുഴക്കി. 

ഇതില്‍ കുപിതനായാണ് സിന്‍ഹ പ്രകോപനപരമായ പ്രതികരണം നടത്തിയത്. ജനതാദളിന്റെ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് മന്ത്രി ആരോപിച്ചു. വോട്ടർമാരെ ഭീഷണിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എൻ‌ഡി‌എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ആക്രമണം നടത്തിയ ഗുണ്ടകളുടെ നെഞ്ചിലേക്ക് ബുൾഡോസർ കയറ്റുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ഇതിന് പിന്നാലെ സിന്‍ഹ വീണ്ടും വിവാദത്തില്‍ ചെന്ന് ചാടി. പോളിങ് ബൂത്തിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് ആർജെഡി എം‌എൽ‌സിയായ അജയ് കുമാറിനോട് സിന്‍ഹ തട്ടിക്കയറി.  ഇരു നേതാക്കളും പരസ്പരം അധിക്ഷേപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സിൻഹ കുറ്റവാളിയാണെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അജയ് കുമാര്‍ ആരോപിച്ചപ്പോൾ, കുമാര്‍ മദ്യപിച്ചിരിക്കുകയാണെന്നും വൈദ്യപരിശോധനയ്​ക്ക് വിധേയനാക്കണമെന്നും സിന്‍ഹ തിരിച്ചടിച്ചു. 

ENGLISH SUMMARY:

Bihar Deputy CM Attack: Bihar Deputy Chief Minister Vijay Kumar Sinha's convoy was attacked during the first phase of the Bihar Assembly elections. The incident occurred in Lakhisarai, Sinha's constituency, leading to political tensions and accusations.