രാഹുല്‍ ഗാന്ധി വോട്ട്കൊള്ള ആരോപിച്ച ഹരിയാനയിലെ വോട്ടര്‍പട്ടികയിൽ ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടർമാരിൽ ഒരാൾ മരിച്ചയാളെന്ന് ബന്ധുക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുവർഷം മുന്‍പ് 2022 മാർച്ചിൽ ഗുനിയ എന്ന വോട്ടർ മരിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്നതും ചിത്രം വിദേശ വനിതയുടേതാണെതും പുതിയ വിവരമാണെന്നാണ് കുടുംബത്തിൻറെ പ്രതികരണം. തങ്ങൾ യഥാർത്ഥ വോട്ടർമാരാണെന്നും ചിത്രം മാത്രമാണ് മാറിപ്പോയതെന്നും പ്രതികരിച്ച് നേരത്തെ അഞ്ചുപേർ രംഗത്തെത്തിയിരുന്നു.
അതേസമയം വോട്ട് കൊള്ള ആരോപണത്തിൽ ഈ മാസം അവസാനം ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടത്താനാണ് കോൺഗ്രസ് തീരുമാനം. ആരോപണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ഹര്‍ജികള്‍ തീർപ്പാകാതെ സുപ്രീംകോടതി പരിഗണനയിലിരിക്കുന്നതിനാൽ വോട്ട് കൊള്ളയിൽ ഉടൻ കോടതിയെ സമീപിക്കേണ്ടെന്നാണ് പാർട്ടിയിലെ പൊതുവികാരം.