ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റുമായ സോറന്‍ മംദാനിക്കെതിരെ വിവാദപരാമര്‍ശവുമായി ബിജെപി നേതാവ്. ഒരു ഖാനെ തങ്ങളൊരിക്കലും മേയറാവാന്‍ അനുവദിക്കില്ലെന്നും ഇത് വോട്ട് ജിഹാദാണെന്നും മുംബൈ ബിജെപി അധ്യക്ഷനും അന്ധേരി വെസ്റ്റ് എംഎല്‍എയുമായ അമിത് സതം പറഞ്ഞു.
'ഞങ്ങളൊരിക്കലും ഒരു ഖാന്‍ മേയറാവാന്‍ അനുവദിക്കില്ല. ഇത് വോട്ട് ജിഹാദാണ്. ചിലര്‍ രാഷ്ട്രീയ അധികാരം നിലനിര്‍ത്താനായി പ്രീണനത്തിന്റെ പാത സ്വീകരിക്കുകയാണ്. മുന്‍പ് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികളില്‍ നിന്ന് മുംബൈയെ സംരക്ഷിക്കേണ്ടത് അത്യവശ്യമാണ്. മതസൗഹാര്‍ദത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ദേശവിരുദ്ധ നിലപാട് സ്വീകരിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഞങ്ങള്‍ അവരെ എതിര്‍ക്കും,' അമിത് സതം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
വാശിയേറിയ പോരാട്ടത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ കുമുവിനെ പരാജയപ്പെടുത്തിയാണ് മുപ്പത്തിമൂന്നുകാരനായ മംദാനിയുടെ ജയം. സ്വന്തം പാര്‍ട്ടിക്കാരനായ ആന്‍ഡ്രു കുമുവിന്റെ റിബല്‍ മല്‍സരവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയും അധിക്ഷേപവും ഉള്‍പ്പെടെ അതിജീവിച്ചാണ് മംദാനി മിന്നും ജയം നേടിയത്. രണ്ട് മില്യനിലേറെ ആളുകള്‍ വോട്ടുചെയ്ത് റെക്കോര്‍ഡിട്ട തിരഞ്ഞെടുപ്പില്‍ മംദാനി വന്‍ ഭൂരിപക്ഷം നേടി.