അവൾക്ക് പേരില്ല, നാളില്ല, മേൽവിലാസമില്ല. ഈ നിമിഷം വരെ അതാണ് സ്ഥിതി. രാഹുൽ ഗാന്ധി പറഞ്ഞതുകേട്ട് അവൾക്കുവേണ്ടി സമൂഹമാധ്യമങ്ങളിൽ അലഞ്ഞുനടക്കുകയാണ് ഇന്ത്യക്കാർ. അക്കൂട്ടത്തിൽ കോൺഗ്രസുകാരുണ്ട്, ബി.ജെ.പിക്കരുണ്ട്. ആരാണ് ഈ യുവതി?
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ 22 തവണ കണ്ട ഈ ഫോട്ടോ ബ്രസീൽകാരിയായ മോഡലിന്റേതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് "വോട്ട് ചോരി" പരമ്പരയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളിൽ ഒന്നായി മാറി. അപ്പോൾ ആരംഭിച്ചതാണ് 'ആരാണവൾ' എന്ന തിരച്ചിൽ. ഒരു ലക്ഷത്തിലേറെ തവണയാണ് ഇന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്യപ്പെട്ടത്.
കാര്യം ശരിയാണ്. വോട്ടർപട്ടികയിൽ 22 സ്ഥലത്ത് ഈ യുവതിയുടെ ഫോട്ടോയുണ്ട്. പല പേരിൽ: സ്വീറ്റി, സരസ്വതി, രശ്മി, സീത അങ്ങനെ അങ്ങനെ... സംഗതി ഫേക്ക് ഫോട്ടോ തന്നെ. എന്നാൽ ചിത്രത്തിലുള്ളത് ബ്രസീലിയൻ മോഡൽ ആണെന്ന് ഉറപ്പിക്കാൻ പറ്റില്ല. ആകാം, ആകാതിരിക്കാം. ബ്രസീൽ മോഡൽ എന്ന് രാഹുൽ പറഞ്ഞത് ഒരു നല്ല അനുമാനം ആയി കണക്കാക്കാനേ പറ്റൂ. കാരണം, ഈ ചിത്രത്തോടൊപ്പം കണ്ട പേര് ആ പെൺകുട്ടിയുടേതല്ല, ഫൊട്ടോഗ്രാഫറുടേതാണ്: മത്തേവൂസ് ഫെറേറോ. അദ്ദേഹമാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അൺസ്പ്ലാഷ്, പെക്സെൽസ് തുടങ്ങിയ ഫോട്ടോ സൈറ്റുകളിലാണ് മത്തേവൂസ് ഈ ഫോട്ടോകൾ സ്റ്റോക്ക് ചിത്രങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. ഫെറേറോയുടെ അൺസ്പ്ലാഷ് അക്കൗണ്ടിൽ നൽകിയിരിക്കുന്ന ലൊക്കേഷൻ ബ്രസീലാണ്, Belo Horizonte സിറ്റി. ഫൊട്ടോഗ്രാഫറുടെ ഈ സ്ഥലപ്പേര് വച്ച് ഫോട്ടോയിലുള്ള മോഡൽ ബ്രസീലിൽ ആണെന്ന് അനുമാനിക്കാം. പക്ഷേ ഉറപ്പില്ല. കാരണം മത്തേവൂസ് എടുത്തിട്ടുള്ള ആയിരക്കണക്കിന് ഫോട്ടോകളിലെ മോഡലുകൾ വ്യത്യസ്ത രാജ്യക്കാരാണ്.
"നീല ജാക്കറ്റിലുള്ള പെൺകുട്ടി" എന്ന ഒരു കാപ്ഷൻ മാത്രമാണ് ഈ ഫോട്ടോയ്ക്ക് ഒപ്പമുള്ളത്. ഫൊട്ടോഗ്രാഫർ യുവതിയുടെ പേര് എന്താണെന്ന് പറഞ്ഞിട്ടില്ല. അതാണ് വാസ്തവം. ആർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന വിധത്തിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോ ആയതിനാൽ ഇന്ത്യയിലേതടക്കം വിവിധ സൈറ്റുകൾ ഈ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്.
അൺസ്പ്ലാഷിൽ ഈ യുവതിയുടെ രണ്ട് ഫോട്ടോകളാണ് ഉപയോഗിച്ചിരിക്കുന്നത്. 2017-ലായിരുന്നു മത്തേവൂസ് ഈ ചിത്രങ്ങൾ സൈറ്റുകളിൽ പോസ്റ്റ് ചെയ്തത്. അന്നു മുതൽ വിവിധ സൗന്ദര്യവർധക സ്ഥാപനങ്ങളും ഫാഷൻ സൈറ്റുകളും ഇത് സ്റ്റോക്ക് ഫോട്ടോകളായി ഉപയോഗിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഇന്ത്യയിലെ സ്ഥാപനങ്ങളുമുണ്ട്. മാത്രമല്ല, വിവിധ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇതേ രീതിയിൽ വോട്ടർ പട്ടികയിലും ഉപയോഗിച്ചതാകാം. രാഹുലിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ ഈ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് നിരവധി വ്യാജ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 2017-ൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഇത്രയും പെട്ടെന്ന്, അതും ഇത്രയും കാലം കഴിഞ്ഞ് വൈറലാകുന്നത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും. അന്ന് എ.ഐ. ഫോട്ടോകൾ ഉപയോഗിക്കപ്പെടാത്തതുകൊണ്ട് ഇത് ഒറിജിനൽ തന്നെ എന്ന് കോൺഗ്രസിന് ആശ്വസിക്കാം.
നെറ്റിലും സമൂഹമാധ്യമങ്ങളിലും ജനം അടങ്ങിയിരിക്കാത്ത ഇക്കാലത്ത് അധികം താമസിയാതെ ഈ യുവതിയുടെ വിവരങ്ങൾ പുറത്ത് വരുമായിരിക്കും. ഒരു നിഗൂഢതയിലേക്ക് എന്ന പോലെ അന്വേഷണം ഇതിനകം നീണ്ടിട്ടുണ്ട്. മത്തേവൂസ് ഫെറേറോ തന്റെ മോഡലിന്റെ വിവരങ്ങളുമായി മുന്നോട്ടു വരാനും സാധ്യതയുണ്ട്. എന്തുതന്നെ ആയാലും, ബ്രസീലുകാരി ആണേലും അല്ലേലും ഈ ഫോട്ടോ എങ്ങനെയാണ് ഹരിയാന വോട്ടർ പട്ടികയിൽ കയറിയതെന്നും ആരാണ് വോട്ടർപട്ടികയിൽ ഈ ചിത്രം ഉപയോഗിച്ചതെന്നും വ്യക്തമാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്.