ഡൽഹിയിലെ അന്തരീക്ഷം അപകടകരമായ അവസ്ഥയില്‍. ചാന്ദിനി ചൗക്ക്, ഭവാന, ബുരാഡി എന്നിവിടങ്ങളിൽ 400 ന് മുകളിലാണ് വായു നിലവാരം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ നഗരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. ഇതിനിടെ മലിനീകരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വാഗ്വാദം തുടരുകയാണ്.
പ്രായമായവർ കുട്ടികൾ മറ്റു രോഗങ്ങളുള്ളവർ തുടങ്ങിയവരെയാണ് പുക മഞ്ഞ് സാരമായി ബാധിച്ചിട്ടുള്ളത്. ചികിത്സ തേടി ആശുപത്രിയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ്. മലിനീകരണം രൂക്ഷമായതില്‍ കേന്ദ്ര, ഡൽഹി സർക്കാറുകൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. വയനാട്ടിൽ നിന്നും തിരിച്ചെത്തിയപ്പോൾ അന്തരീക്ഷ മലിനീകരണം ശരിക്കും അനുഭവപ്പെട്ടു എന്നും രാഷ്ട്രീയ സമ്മർദ്ദങ്ങൾ മാറ്റിനിർത്തി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടനടി പരിഹാരം കാണണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടു.
34 കോടി ചിലവിട്ടുള്ള കൃത്രിമ മഴക്കുള്ള ശ്രമം ജനങ്ങളെ പറ്റിക്കലാണെന്നും എന്തൊക്കെയോ ചെയ്തു എന്നു വരുത്തി തീർക്കാനുള്ള സര്‍ക്കാരുടെ ശ്രമത്തിന്റെ ഭാഗമാണെന്നും ജയറാം രമേശ് വിമര്‍ശിച്ചു. വയലുകള്‍ കത്തിക്കുന്നതിന് പഞ്ചാബിലെ എഎപി സര്‍ക്കാര്‍ തടയിടാത്തതാണ് വായു നിലവാരം മോശമാക്കിയതെന്നാണ് ബിജെപി പ്രതികരണം. ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണപരാജയമെന്നാണ് എഎപി മറുപടി.