മുംബൈയിൽ യുവാവ് കുട്ടികളെ ബന്ദികളാക്കിയത് സർക്കാരിൽ നിന്ന് ലഭിക്കാനുള്ള പണത്തിനായെന്ന് വിവരം. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രോഹിത് ആര്യ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും ഏറ്റെടുത്ത് നടത്തുകയും ചെയ്തിരുന്നു. എന്നാൽ പൂർത്തിയായപ്പോൾ അവഗണിച്ചെന്നും പണം നൽകിയില്ലെന്നും നേരത്തെ ഇയാൾ ആരോപിച്ചിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി ദീപക് കേസർക്കർ പദവിയിൽ ഉണ്ടായിരുന്നപ്പോൾ പല തവണ ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധിക്കുകയും വീടിന് മുന്നിൽ നിരാഹാരവും നടത്തുകയും ചെയ്തിരുന്നു.
പ്രശ്നപരിഹാരം വൈകുന്നതിൽ അസ്വസ്ഥനായ രോഹിത് ദീപക് കേസർക്കറിനെ കാണാൻ വേണ്ടിയാണ് 20 കുട്ടികളെ ബന്ദികൾ ആക്കിയത്. രോഹിതിന് പണം നൽകാൻ ഉണ്ടെന്ന് സമ്മതിച്ച മുൻ വിദ്യാഭ്യാസ മന്ത്രി ദീപക് കേസർക്കർ ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കേണ്ട പ്രശ്നം ആയിരുന്നു ഇതെന്ന് പ്രതികരിച്ചു. വെബ് സീരിസിനുള്ള ഓഡീഷൻ എന്ന പേരിലാണ് രോഹിത് ആര്യ കുട്ടികളെ വിളിച്ചു വരുത്തിയതും ബന്ദികൾ ആക്കിയതും. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് രോഹിതിനു നേരെ നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.