തമിഴ്നാട് കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കവർന്ന കേസിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ. സന്തോഷ്, സുജിലാൽ എന്നിവർ അടക്കം പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള അഞ്ച് പേരെയാണു കാഞ്ചീപുരം പൊലീസ് കേരളത്തിലെത്തി പിടികൂടിയത്.
2017 മുതൽ കുറിയർ കമ്പനി നടത്തിയിരുന്ന മുംബൈ സ്വദേശി ജതിൻ, കമ്മിഷൻ അടിസ്ഥാനത്തിൽ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നൽകാറുണ്ട്. ഒന്നര മാസം മുൻപ് നാലരക്കോടി രൂപയുമായി ബെംഗളുരുവിൽ നിന്നു ചെന്നൈയിലെ സൗക്കാർപെട്ടിലേക്കു തന്റെ രണ്ട് ഡ്രൈവർമാരെ അയച്ചിരുന്നു.
വാഹനം ചെന്നൈ-ബെംഗളുരു ദേശീയപാത വഴി കാഞ്ചീപുരത്തേക്ക് അടുക്കുമ്പോൾ, മൂന്ന് കാറുകളിലായി എത്തിയ 17 പേരടങ്ങുന്ന ഒരു സംഘം കാർ തടഞ്ഞ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് സംഘം കാർ കൈക്കലാക്കി. ആർക്കോട്ട് ഭാഗത്തെത്തിയപ്പോൾ പണം കവർന്ന സംഘം കാറും ഡ്രൈവർമാരെയും ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ രക്ഷപെട്ടു. ഡ്രൈവർമാർ വിവരം ജതിനെ അറിയിച്ചതോടെ, ഇയാൾ പൊലീസിൽ പരാതി നൽകി.
പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കവർച്ചാ സംഘം കേരളത്തിൽ നിന്നുള്ളവരാണെന്നു കണ്ടെത്തിയത്. കേരളത്തിലെത്തിയ പൊലീസ് സംഘം അഞ്ച് പേരെ അറസ്റ്റു ചെയ്യുകയായിരുന്നു. 12 പേരെ ഇനിയും പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനായി ഒരു സംഘം കേരളത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി പണം കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.