ആഞ്ഞടിച്ച മൊന്‍ത ചുഴലിക്കാറ്റില്‍ പരാവധി ആള്‍നാശം ഒഴിവാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ആന്ധ്രപ്രദേശും ഒഡീഷയും. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ തീരംതൊട്ട മൊന്‍ത പതിനൊന്ന് മണിയോടെ പൂര്‍ണമായി കരയില്‍ പ്രവേശിച്ചു. ഒഡീഷ തീരത്തേക്കു നീങ്ങിയ ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ചു ന്യൂനമര്‍ദ്ദമായി മാറി.ആന്ധ്രയുടെയും ഒഡീഷയുടെയും തീരദേശ മേഖലയില്‍ മഴ തുടരുകയാണ്.
വിശ്വരൂപം പൂണ്ട് ആഞ്ഞടിച്ചെത്തിയ മൊന്‍തയെ കൃത്യമായ ആസൂത്രണത്തോടെ കൈകാര്യം ചെയ്തതിന്റെ ആശ്വാസത്തിലാണ് ആന്ധ്രയും ഒഡീഷയും. നാലുമരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. താഴ്ന്ന മേഖലകളില്‍ നിന്ന് ആന്ധ്രയില്‍ മാത്രം ക്യാംപുകളിലേക്കു മാറ്റിയതു 76000 പേരെയാണ്. 3.6 കോടി മുന്നറിയിപ്പ് സന്ദേശങ്ങളാണ് അമരാവതിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ആളുകളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു രാപകല്‍ കണ്‍ട്രോള്‍ റൂമിലിരുന്നു നേതൃത്വം നല്‍കിയതും ഗുണം ചെയ്തു.
മൊന്‍ത പൂര്‍ണമായി കരകയറിയതിനു പിന്നാലെ ദുരന്തനിവാരണ പണികളും തുടങ്ങി. 1447 മണ്ണുമാന്തിയന്ത്രങ്ങള്‍, 1040 വൈദ്യുത വാളുകള്‍ എന്നിവ നേരത്ത തയാറാക്കിനിര്‍ത്തിയിരുന്നു.കടപുഴകിയ മരങ്ങളും ചെടികളും മുറിച്ചുമാറ്റുന്നതും വൈദ്യുതി ലൈനുകള്‍ അറ്റകുറ്റപണികളും തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിരുന്ന വിശാഖപട്ടണം, വിജയവാഡ വിമനത്താവളങ്ങള്‍ തുറന്നു. റയില്‍ ബന്ധം പുനസ്ഥാപിച്ചിട്ടില്ല. ഇന്നും രണ്ടു ട്രെയിനുകള്‍ റദ്ദാക്കി.