ഭര്‍തൃകുടുംബത്തിനെതിരെ സ്ത്രീധന പീഡനമാരോപിച്ച ശേഷം ജീവനൊടുക്കി യുവതി. വിവാഹം കഴിഞ്ഞ് പത്ത് മാസത്തിന് ശേഷമാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ച ശേഷം യുവതി ജീവനൊടുക്കിയത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം.
മരണത്തിന് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ ഭർത്താവ് ആശുതോഷ് ഗോസ്വാമിയും അയാളുടെ വീട്ടുകാരും തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായാണ് മരിച്ച മനീഷ ഗോസ്വാമി ആരോപിച്ചത്. 2025 ജനുവരിയില്‍ വിവാഹം കഴിഞ്ഞതുമുതൽ താൻ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാരണം കൂടാതെ ഭർത്താവ് അടിച്ചിരുന്നു. അമ്മായിയമ്മയുടെ പിന്തുണ ഭർത്താവിനുണ്ട്. കുടുംബത്തിലെ മൂത്ത മകളാണ് ഞാന്‍. അച്ഛനാണ് കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗം. ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ പെരുമാറ്റത്തിൽ മടുത്തു, മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നതെന്നും മനീഷ വിഡിയോയില്‍ പറഞ്ഞു.
സ്ത്രീധനവും മറ്റ് ചില പ്രശ്നങ്ങളും പറഞ്ഞുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മനീഷ ആരോപിച്ചു. 10 മാസത്തെ ദാമ്പത്യ ജീവിതത്തിൽ പത്ത് ദിവസം പോലും താൻ സന്തോഷത്തോടെ ജീവിച്ചിട്ടില്ല, ജീവിതം മടുത്തുവെന്നും മനീഷ വിഡിയോയിൽ പറയുന്നു.
മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മനീഷയുടെ പിതാവ് ഡി.ഡി. നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ച പൊലീസ് വീട്ടുകാരുടേയും അയല്‍വാസികളുടെയും മൊഴിയെടുത്തു. മനീഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.