ബിഹാറിൽ മഖാന കൃഷിക്ക് ഇപ്പോൾ നല്ല കാലമാണ്. സാധനത്തിന് ആവശ്യക്കാരേറി, വരുമാനവും കൂടി. പക്ഷേ താഴെ തട്ടിൽ പണിയെടുക്കുന്ന തൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്.
മഖാന കാണാനും കഴിക്കാനും നല്ലതാണ്. വിലയും അതിനനുസരിച്ചുണ്ട്. ബിഹാറിലാകെ 40 ,000 ഹെക്റ്ററിൽ ആണ് കൃഷി. പക്ഷേ ഇതിങ്ങനെ ആക്കിയെടുക്കാൻ കുറെ പേരുടെ അധ്വാനമുണ്ട്.
വെള്ളക്കെട്ടുകളിലാണ് കൃഷിയിറക്കുന്നത്. മുകളിൽ കാണുന്ന ഇലകൾക്കു താഴെയാണ് മഖാന. വെള്ളത്തിൽ മുങ്ങിത്തപ്പി വേണം പുറത്തെടുക്കാൻ. ഒരു കിലോ മഖാന മുങ്ങിയെടുത്താൽ തൊഴിലാളികൾക്ക് കിട്ടുക 40 മുതൽ 100 രൂപ വരെ. ഒരു ദിവസം പരമാവധി ലഭിക്കുക 300 മുതൽ 500 രൂപ. വെയിലത്തിട്ടുണക്കി വറുത്ത ശേഷമാണ് മില്ലിൽ എത്തുന്നത്. ഇതിനെല്ലാം കൂലി തുഛമാണ്.
സീസൺ കഴിയാറായതുകൊണ്ടും അവധിക്കാലമായതിനാലും ഞങ്ങൾ എത്തിയപ്പോൾ വളരെ കുറച്ച് തൊഴിലാളികളെ ഉണ്ടായിരുന്നുള്ളു. ഒരു കിലോ മഖാനയ്ക്ക് 2000 രൂപയ്ക്കടുത്ത് വിലയുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കയ്യയച്ച് സഹായിക്കുകയും ചെയ്യുന്നു. പക്ഷേ പാവപ്പെട്ട തൊഴിലാളികളുടെ പട്ടിണി കാണാൻ ആളില്ല.